ഉള്ള്യേരി : ഉള്ള്യേരിയിൽ എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ പേരാമ്പ്ര സ്വദേശിയായ യുവാവിനേയും പയ്യന്നൂർ സ്വദേശിനിയായ യുവതിയേയും റിമാൻ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച എംഡിഎംഎയുമായി പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്.
പേരാമ്പ്ര മരുതേരി സ്വദേശി കാരാപൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം ഉമ്മറപ്പയിൽ സ്വദേശിനി ഹരി വിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെൻ്റിൽ ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് സംഘം പരിശോധന നടത്തിയത്. ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചു വെച്ച മാരക രാസലഹരി മരുന്നായ 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും പേക്കിംഗ് സാമഗ്രികൾ ഇലക്ട്രോണിക് ത്രാസുകൾ എന്നിവയും പിടിച്ചെടുത്തു.
ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായി മാരക രാസ ലഹരിയും മറ്റ് മയക്ക് മരുന്നുകളും വില്പന നടത്തിവരുന്നതായി പരാതി ഉയർന്നിരുന്നു. ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ് ധ്രുപദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസിറ്റന്റ്റ് എക്സൈസ് ഇൻസ്പക്ടർ (ഗ്രേഡ്) എം സുനിൽ, പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ, ഇ.എം ഷാജി, സിവിൽ എക്സൈസ് ഓഫീസമാരായ കെ ലിനീഷ്, സതി, ഡ്രൈവർ സിഇഒ ശ്രീജിത്ത്, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ആന്റ് ഇന്റലിജൻസ് ബ്യൂറോയിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ ഷബീറലി എന്നിവർ ഉണ്ടായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

