അത്തോളി: യു.ഡി.എഫ് ഭരിക്കുന്ന അത്തോളി പഞ്ചായത്തിലെ അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് മുന്നണിയിൽ നിന്നും പുറത്തു വന്നവർ ചേർന്ന് ജനകീയ വികസന മുന്നണിക്ക് രൂപം നൽകി. മുന്നണിയുടെ ആദ്യ കൺവെൻഷൻ മൊടക്കല്ലൂരിൽ ചേർന്നു. കോൺഗ്രസിലേയും ലീഗിലേയും നൂറോളം വരുന്ന യു ഡി എഫ് പ്രവർത്തകർ ചേർന്നാണ് ജനകീയ വികസന മുന്നണിക്ക് രൂപം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കോൺഗ്രസ് വാർഡ് മെംബറുടെ പങ്കാളിത്തത്തിൽ രൂപം കൊണ്ട ജനകീയ വികസന മുന്നണി യു.ഡി.എഫിന് വലിയ തലവേദനയായി മാറിയിരിക്കയാണ്.
മൊടക്കല്ലൂരിൽ നടന്ന ജനകീയ കൺവെൻഷൻ പതിനഞ്ചാം വാർഡ് മെംബർ വാസവൻ പൊയിലിൽ ഉദ്ഘാടനം ചെയ്തു. വിജയരാഘവൻ കോതങ്കൽ അദ്ധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന നേതാവ് വി.എം സുരേഷ് ബാബു, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടും യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാനുമായിരുന്ന ഗിരീഷ് മൊട ക്കല്ലൂർ, രാമകൃഷ്ണൻ കുനിയിൽ തെരു, സുർജിത് ചെറിയേരി പറമ്പത്ത് എന്നിവർ സംസാരിച്ചു. രഞ്ജിത് കൂമുള്ളി സ്വാഗതവും രഞ്ജിത് പാലോറയിൽ നന്ദിയും പറഞ്ഞു. ജനകീയ വികസന മുന്നണി ചെയർമാനായി ഗിരീഷ് മൊടക്കല്ലൂരിനേയും കൺവീനറായി വി.എം. സുരേഷ് ബാബുവിനേയും തിരഞ്ഞെടുത്തു.
യു. ഡി. എഫ് അത്തോളി പഞ്ചായത്ത് ഭരണസമിതിക്കെതിരെ മുന്നണിക്കകത്തും പുറത്തും കാലങ്ങളായി അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഭരണത്തിൽ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതിത്വവുമുണ്ടെന്ന ആരോപണമുയർത്തി പ്രതിപക്ഷമായ സി.പി.എം സമരത്തിലായിരുന്നു. പ്രതിപക്ഷത്തിൻ്റെ ആരോപണം ശരിവെച്ചു കൊണ്ടാണ് ഇപ്പോൾ യു.ഡി. എഫിൽ പരസ്യമായ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വ്യക്തി താല്പര്യങ്ങളുടെ പുറത്താണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടതെന്നാണ് യു ഡി. എഫ് പ്രാദേശിക നേതൃത്വത്തിൻ്റെ പ്രതികരണം. ചിലരുടെ സ്ഥാനാർത്ഥി മോഹമാണ് ചുവടുമാറ്റത്തിന് പിന്നിൽ. കോൺഗ്രസ്, ലീഗ് നേതൃത്വങ്ങളെ ഒരു പോലെ പ്രതിസന്ധിയിലാക്കി ജനകീയ വികസന മുന്നണിയുടെ ഭാഗമായവർക്കെതിരെ നടപടിയുണ്ടാവുമെന്നും യു ഡി. എഫ് നേതൃത്വം വ്യക്തമാക്കി.
