അത്തോളി : അത്തോളി ഗ്രാമ പഞ്ചായത്തിൽ തെരുവു നായ ശല്യം പരിഹരിക്കുന്നതിനും നായ്ക്കൾക്ക് സംരക്ഷണ സൗകര്യം ഒരുക്കുന്നതിനും സംവിധാനം വരുന്നു . ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയ തെരുവു നായ ശല്യത്തിന് പരിഹാരമാർഗ്ഗങ്ങൾ ആലോചിക്കാൻ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അത്തോളി ഗവ. ഹൈസ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ ഉയർന്നത്.

നായ്ക്കൾ പെറ്റുപെരുകുന്നത് തടയിടാൻ സർക്കാർ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന ആനിമൽ ബർത്ത് കൺട്രോൾ പ്രൊജക്ട് പഞ്ചായത്തിൽ കൂടുതൽ കാര്യക്ഷമമാക്കും. ബാലുശ്ശേരിയിലാണ് ഇതിനായുള്ള കേന്ദ്രം പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പരിധിയിൽ നായ്ക്കളുടെ സർവ്വെ നടത്തും.
തെരുവു നായ്ക്കളെ പൊതു ശല്യം ഉണ്ടാകാത്ത വിധം വീട്ടിൽ ഭക്ഷണം നൽകി സംരക്ഷിക്കുന്നവർക്ക് സ്പോൺസർമാരുടെ സഹായത്തോടെ കൂട് ഒരുക്കി നൽകുന്നതിന് നടപടിണ്ടാവും. തെരുവു നായകളെ നിയമവിധേയമായ മാർഗ്ഗത്തിൽ സംരക്ഷിക്കുന്നതിന് സ്വമേധയാ തയ്യാറാകുന്നവർക്ക് കൂട് ഒരുക്കി നൽകുന്നതിനും നടപടിയുണ്ടാകും. പഞ്ചായത്തിൽ തെരുവുനായ സംരക്ഷണ കേന്ദ്രം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും തീരുമാനിച്ചു.

തെരുവു നായകളുടെ ഭീഷണി കാരണം പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വീടുകളിൽ നായ്ക്കളെ കൂട്ടമായി വളർത്തുന്നത് പരിസര വാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായും ഇതിനെതിരെ നടപടിയുണ്ടാവണമെന്നും ആവശ്യമുയർന്നു.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത മപ്പുറത്ത്, സെക്രട്ടറി അഞ്ജന വിൻസെൻ്റ് , വെറ്റിനറി ഡോക്ടർ ഹിബ ബഷീർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ തഫാന റിജാഷ്, എസ് അനിൽകുമാർ, ഹെഡ് മിസ്ട്രസ് പ്രസീജ എന്നിവർ സംസാരിച്ചു.

