അത്തോളി : കൊങ്ങന്നൂർ എ. എൽ പി സ്കൂൾ – അങ്കണവാടി റോഡ് തകർന്ന് കുട്ടികൾക്കും സമീപത്തെ വീടിനും അപകടഭീഷണിയായി മാസങ്ങൾ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത അത്തോളി പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒക്ടോബർ അവസാന വാരത്തിലാണ് റോഡിൻ്റെ അരിക് ഭിത്തിയോട് ചേർന്ന് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസികൾ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നാട്ടുകാർ ഒപ്പിട്ട് നിവേദനവും നൽകി. എന്നാൽ അറ്റകുറ്റപണികളൊന്നും ഉണ്ടായില്ല. തുടർന്നുള്ള ദിവസങ്ങളിലെ മഴയിൽ പാർശ്വഭിത്തി ഇടിഞ്ഞു വീണു. ഇപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. റോഡിലെ തകർന്ന ഭാഗത്തുനിന്ന് 25 മീറ്റർ ദൂര പരിധിയിലാണ് സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നത്. തകർന്ന റോഡ് വഴിയാണ് അങ്കണവാടിയിലേക്കും സ്കൂളിലേക്കും കുട്ടികൾക്ക് യാത്ര ചെയ്യേണ്ടി വരുന്നത് രക്ഷിതാക്കളെ ഭയപ്പാടിലാക്കുന്നു.
മഴ തുടരുന്നതിനാൽ റോഡ് കൂടുതൽ ഇടിയുന്ന സാഹചര്യമാണ്. പഞ്ചായത്ത് അധീനതയിലുള്ള റോഡായതിനാൽ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് അറ്റകുറ്റപണി നടത്താവുന്നതാണെന്നും ഇതിന് പഞ്ചായത്ത് തയ്യാറാവുന്നില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരെ ഡിസംബർ 19 ന് സി.പി.എം. കൊങ്ങന്നൂരിൽ സായാഹ്ന പ്രതിഷേധ ധർണ്ണ പ്രഖ്യാപിച്ചിട്ടുണ്ട്.
