സംസ്ഥാന സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുള്ള അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം റദ്ദ് ചെയ്ത് സർക്കാർ ഉത്തരവ്. സർക്കാരിനെതിരെ നിയമ നടപടിക്ക് പോകാനുള്ള തീരുമാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2023 – 24 വർഷത്തിൽ പൂർത്തീകരിച്ച് ട്രഷറിയിൽ നൽകിയപദ്ധതികളുടെ ബിൽ തുക പ്രത്യേക വിഹിതമായി അനുവദിക്കണമെന്നും അല്ലാത്ത പക്ഷം സംസ്ഥാന സർക്കാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനം. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചിരുന്നുവെന്നും അവ പാസ്സായില്ലെന്നും ഈ ബില്ലുകളിലെ തുക 2024-25 വർഷത്തെ വിഹിതത്തിൽ നിന്നും കുറവ് ചെയ്യുന്നത് പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമായിരുന്നു ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ വാദം. ഈ സാഹചര്യത്തിൽ സർക്കാറിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. തീരുമാനത്തിൽ പഞ്ചായത്ത് സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ വിഷയം സർക്കാരിൻ്റെ പരിഗണനയിൽ വരികയും തീരുമാനം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നതാണ്.
2024-25 വർഷത്തെ ബജറ്റ് വിഹിതത്തിനൊപ്പം 20 ശതമാനം ക്യാരി ഓവർകൂടി ചേർത്ത് പദ്ധതി പുതുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളതാണ്. 2023-24 ലെ ക്യൂബില്ലുകൾ കൂടി ഉൾപ്പെടുത്തിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ക്യാരി ഓവർ അനുവദിച്ചിട്ടുള്ളത്. കൂടാതെ 2023-24 സാമ്പത്തിക വർഷാവസാനം ക്യൂ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള തുക 2024-25 വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നും മാറി നൽകാൻ അനുമതിയുണ്ട്. ഇങ്ങനെ മാറി നൽകുമ്പോൾ ബജറ്റ് വിഹിതം മുഴുവനും ചെലവഴിച്ച് തീരുന്ന സാഹചര്യമുണ്ടായാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധിക തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതുമാണ്. ആയതിനാൽ ക്യൂ ബില്ലിൽ ഉൾപ്പെടുത്തിയത് 2024-25 വർഷത്തെ പദ്ധതി പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിൻ്റെ ഭരണ സമിതി തീരുമാനം റദ്ദ് ചെയ്ത് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
