വിറകടുപ്പിന്റെ പുകയേറ്റ് കറുത്ത അടുക്കളച്ചുവരിന്റെ വടക്കേ ഭാഗത്തെ അടുപ്പിനോട് ചേർന്ന കിളിവാതിലിൽ കാണാറുള്ള “250 എം. എൽ” ടോണിക് ബോട്ടിലായിരുന്നു ഞങ്ങളുടെ വീട്ടിലെ വെളിച്ചെണ്ണക്കുപ്പി. വർത്തമാന പത്രത്തിന്റെ തുണ്ട് കീറി “കോൺ” രൂപത്തിൽ ചുരുട്ടി തുരുക്കാക്കിത്തിരുകിയതായിരുന്നു അതിൻ്റെ അടപ്പ്.
ഞങ്ങൾ നാല് മക്കളടങ്ങുന്ന ആറ് അംഗങ്ങളുള്ള വീട്ടിൽ , വലിയ വട്ടത്തിലുള്ള ചപ്പാത്തി കല്ലിൽ എണ്ണമയം തേക്കുന്നതും
വറവും, മീൻ പൊള്ളിക്കലുമെല്ലാം ആ ഇത്തിരിപ്പോന്ന കുപ്പിയിലെ വെളിച്ചെണ്ണ കൊണ്ടായിരുന്നു. എല്ലാം
കഴിഞ്ഞാലും ആ ടോണിക്ക് കുപ്പിയിലെ അടിഭാഗത്ത് തെളിഞ്ഞു കാണുമായിരുന്നു ഇനിയും ബാക്കി വന്ന ഇത്തിരി വെളിച്ചെണ്ണ. (ഇന്ന് ലിറ്റർ കണക്കിന് വെളിച്ചെണ്ണയും പാചക എണ്ണയും വാങ്ങിയാലും
എങ്ങും തികയുന്നില്ലെന്നത് ഓർക്കുമ്പോൾ അതിശയം തോന്നുന്നു).
കുപ്പി കമഴ്ത്തിപ്പിടിച്ചു അവസാനത്തെ തുള്ളി വെളിച്ചെണ്ണയും തീർന്നു കഴിഞ്ഞാൽ ഉമ്മ ഒരു ഉറുപ്പിക തന്നിട്ട് പറയും…
“മോൻ കേക്കേ പീട്യേ” പ്പോയി ഒരുറുപ്പ്യെക്ക് വെളിച്ചെണ്ണ വാങ്ങി വാ….”
വീടിന്റെ കിഴക്ക് ഭാഗത്തായുള്ള ഓട്ടമ്പലം എന്ന കൊച്ചു ജങ്ഷനിലെ ഒരു ചെറിയ പലവ്യഞ്ജനക്കടയായിരുന്നു ഞങ്ങളുടെ “കേക്കേ പീട്യ”. അവിടെ “ദാമോദരൻ” നായരുടെ പീടികയിൽ പോവാൻ ഒരവസരം കിട്ടിയാൽ ഒരു കുഞ്ഞു മധുരം കൂടി കീഴടക്കാനുള്ള വെമ്പലായിരുന്നു.
അഞ്ച് പൈസക്ക് നാരങ്ങാ മിഠായിയോ…കടലാസ്സിൽ പൊതിഞ്ഞ “ന്യൂട്രിൻ” മിഠായിയോ വാങ്ങാൻ ഉമ്മയുടെ കയ്യിൽ നിന്നും അഞ്ച് പൈസയും കൂടി കിട്ടിയാൽ സന്തോഷം പറയണ്ട.
കയ്യിൽ കുപ്പിയുമായി കുഞ്ഞാമദാക്കാന്റെ പറമ്പിലേക്കെടുത്തു ചാടി… ആശാരിച്ചിയമ്മയുടെ മുറ്റത്ത് കൂടെ പാഞ്ഞ്…ചെമ്മൺ റോഡിലൂടെ കേക്കേ പീടികയിലെത്തിയാൽ, ദാമോദരൻ നായരുടെ നേരെ കുപ്പി നീട്ടിപ്പറയും
“ഒരു ഉറുപ്പ്യക്ക് വെളിച്ചെണ്ണ “
അപ്പോഴും മേശപ്പുറത്ത് നിരത്തിവെച്ച മിടായി ഭരണികളിലേക്കായിരിക്കും എന്റെ നോട്ടം.
ദാമോദരൻ നായരുടെ വിയോഗവർത്ത കേട്ടപ്പോൾ, അബുദാബി നഗരത്തിലെ കൊച്ചു ഗാർഡനിൽ നിന്നും ഓർമകളിലൂടെ തുറന്നിട്ട വടക്കേ കിളിവാതിൽപ്പഴുതിലൂടെ തെളിഞ്ഞു കാണുന്നു 250 എം എൽ ട്രാൻസ്ഫറന്റ് വെളിച്ചെണ്ണക്കുപ്പിയുമായി പായുന്ന ആ കൊച്ചു പയ്യനെ.
കുപ്പിയിലെ കലർപ്പേതുമില്ലാത്ത തനി നാടൻ വെളിച്ചെണ്ണയിൽ തെളിഞ്ഞു കാണുന്നു വടിവൊത്ത ഖദർ ഷർട്ടിട്ട ദാമോദരൻ നായരുടെ മുഖവും, അദ്ദേഹത്തിന്റെ പല വ്യഞ്ജനക്കടയും.
ബാല്യത്തിന്റെ രുചി മുകുളങ്ങളിലേക്ക് ഏറ്റം മോഹിച്ച മധുരം കൈമാറിയിരുന്നത് അച്ഛനാണെങ്കിലും അമ്മയാണെങ്കിലും അമ്മാവനാണെങ്കിലും….അത് “കോതങ്ങാട്ട് ദാമോദരൻ നായരാണെങ്കിലും മറക്കാൻ കഴിയുമോ നമുക്കാ മുഖങ്ങൾ….?
ദാമോദരൻ നായർക്ക് ഹൃദയത്തിൽ തൊട്ട പ്രണാമം.
