അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിലും കെടുകാര്യസ്ഥതയിലും പരസ്യമായി പ്രതികരിച്ച് രംഗത്തിറങ്ങിയ കോൺഗ്രസ് വാർഡ് മെംബർ യു.ഡി. എഫിനെതിരെ മത്സര രംഗത്ത്. പഞ്ചായത്തിൽ വേളൂരിനെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസിലെ വാസവൻ പൊയിലിൽ ആണ് പതിനാറാം വാർഡിൽ സ്ഥാനാർഥിയാകുന്നത്. ജനകീയ വികസന മുന്നണിയുടെ ബാനറിൽ മത്സരിക്കാനിറങ്ങിയ വാസവന് ഇടതു മുന്നണി പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാസവൻ പൊയിലിലിൻ്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയുടെ അത്തോളിയിലെ സാന്നിദ്ധ്യം യു ഡി എഫിന് മൊത്തത്തിലും കോൺഗ്രസിന് സവിശേഷമായും തലവേദനയായി മാറിയിട്ടുണ്ട്. പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ പെട്ട വാസവൻ അത്തോളിയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അശോകൻ മാസ്റ്ററുടെ സഹോദരനാണ്.

അത്തോളിയിലെ കോൺഗ്രസിൽ വേറിട്ട ശൈലി പിൻതുടർന്നു പോന്നിരുന്ന വാസവൻ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ നിരന്തരം പാർട്ടിക്കുള്ളിലും മുന്നണിയിലും പോരാടിയിരുന്നതായി അദ്ദേഹത്തോട് അനുഭാവമുള്ള കോൺഗ്രസ് പ്രവർത്തകർ പറയുന്നു. പരമ്പരാഗത കോൺഗ്രസ്സുകാരുടെ മാനസിക പിന്തുണ കരുത്തുപകരുന്നതാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വാസവൻ പൊയിലിൽ പറഞ്ഞു.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 507 വോട്ടുകളോടെയാണ് വാസവൻ വിജയിച്ചത്. എൻ. സി. പി യിലെ ഒ. ടി സഞ്ജീവിന് 437 വോട്ടും ബി.ജെ പി യിലെ വി.കെ സജിത് കുമാറിന് 104 വോട്ടും ലഭിച്ചു.
