അത്തോളി : സമൂഹത്തിൽ ആപത്കരമായി പടരുന്ന മയക്കുലഹരിക്കെതിരെ ജീവിതം ലഹരിയാക്കാനുള്ള സന്ദേശമുയർത്തി വിദ്യാർത്ഥികൾ.
കൊളത്തൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൻ്റെ എൻ. എസ്. എസ്. ക്യാമ്പ് അംഗങ്ങളാണ് ലഹരിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ നാട്ടുകാരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു. പാഴ്വസ്തുക്കളെ പുനരുപയോഗം ചെയ്യുന്നതിൻ്റെ ഭാഗമായി വലിച്ചെറിഞ്ഞ മദ്യക്കുപ്പികൾ കൊണ്ട് മദ്യത്തിനെതിരെ ബിജു കെ. വി. യുടെ സഹായത്തോടെ കുട്ടികൾ നിർമിച്ച ശിൽപ്പം മാതൃഭൂമിയിലെ സീനിയർ ആർട്ടിസ്റ്റ് കെ. ഷെരീഫ് അനാച്ഛാദനം ചെയ്തു.

ഓപ്പൺ കാൻവാസിൽ കെ. ഷെരീഫും ആർട്ടിസ്റ്റ് സി.വി. രാമചന്ദ്രനും കുട്ടികളും രക്ഷിതാക്കളും ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു. കെ. ഷെരീഫ് കൊളുത്തിയ ലഹരി വിരുദ്ധ കാവൽപ്പന്തം കൊളത്തൂർ ജി.എച്ച്.എസ്.എസ്. പി.ടി.എ., എസ്.എം. സി., അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ക്യാമ്പ് നടക്കുന്ന അത്തോളി ജി.വി.എച്ച്.എസ്. സ്കൂളിലെ പി.ടി.എ. പ്രസിഡൻ്റ്, വാർഡ് മെമ്പർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് കൈമാറി.

സജീവൻ അരങ്ങിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ടുശാല , വീടുകളിൽ പച്ചക്കറിത്തോട്ട നിർമാണം, അങ്കണവാടിയിലെ സ്നേഹാങ്കണം പദ്ധതി, പ്രസാദ് കൈതക്കൽ നയിച്ച ശാസ്ത്രവും വിശ്വാസവും ക്ലാസ്, മോട്ടിവേഷൻ , മെൻ്റലിസം ക്ലാസുകൾ , ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരുമായി നടത്തിയ സംവാദങ്ങൾ, ഷോർട്ട് ഫിലിം നിർമാണം, പ്രഥമശുശ്രൂഷാ പരിശീലനവും ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും, വയോജനങ്ങൾക്ക് മൊബൈൽ സേവനങ്ങളെയും ഉപയോഗത്തെയും പഠിപ്പിച്ചു നൽകിയ ഡിജിറ്റൽ ചങ്ങാത്തം, മൂല്യവർധിത ഉത്പന്ന നിർമാണം, വാക്ക് വിത്ത് ഹിസ്റ്റോറിയൻ, പ്രാദേശിക ചരിത്ര രചന, നിത്യജീവിതവും ഇലക്ട്രിസിറ്റിയും തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായ ക്യാമ്പ് ജനവരി ഒന്നിന് സമാപിക്കും.
