അത്തോളി : അമ്മയും മകനും രോഗബാധിതരായതോടെ ദുരിതത്തിലായ ഒരു കുടുംബം നാട്ടുകാരുടെ കനിവ് തേടുന്നു.
കൊടക്കല്ല് പരിസരവാസിയായ ചെറുവലത്ത് കണ്ടി ശിവൻ്റെ കുടുംബമാണ് രണ്ടു പേരുടെ ചികിത്സാ ചെലവ് വഹിക്കാനാവാതെ പ്രയാസമനുഭവിക്കുന്നത്.
നേരത്തെ ഗോവിന്ദനല്ലൂർ ക്ഷേത്രത്തിനടുത്ത് കോർമ്മം കണ്ടി എന്ന തറവാട്ടു വീട്ടിലായിരുന്നു ശിവനും കുടുംബവും താമസം. കൂലിപ്പണിയിലൂടെ മിച്ചം വെച്ച സമ്പാദ്യം കൊണ്ട് ചെറുവലത്ത് കണ്ടി മീത്തൽ പാതി പണി കഴിഞ്ഞ കൊച്ചു വീട്ടിൽ ഭാര്യയും വിദ്യാർത്ഥികളായ 2 ആൺകുട്ടികളുമായി ജീവിച്ചു വരികയായിരുന്നു. മൂത്ത മകൻ വടകര ഗവ. പോളി ടെക്നിക്കിലും,ഇളയ മകൻ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്കിലും ഡിപ്ലോമ കോഴ്സ് വിദ്യാർത്ഥികളാണ്.
ശിവന്റെ ഭാര്യ സരള കാൻസർ ബാധിതയായി ചികിത്സയിൽ കഴിയവേ തന്നെ മൂത്ത മകനും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ദിവസ വേതനത്തിന് ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന ശിവന് താങ്ങാവുന്നതിൽ അധികമായിരുന്നു ഈ പ്രതിസന്ധി .ചികിത്സാച്ചെലവുകൾക്കും,വീടിൻ്റെ പണി പൂർത്തീകരണത്തിനും വേണ്ടി വരുന്ന ചിലവുകൾക്കുമായി
പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ രക്ഷാധികാരിയായും വാർഡുമെമ്പർ കെ. എം.രാജൻ (ചെയർമാൻ),ബിജു കാരയാട്ട് (കൺവീനർ),മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ( ട്രഷറർ) എന്നിവർ ഭാരവാഹികളായും സരള-അബിൻ ചികിത്സാ സഹായ സമിതി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. സഹായങ്ങൾ SARALA ABIN CHIKITSA SAHAYA SAMITHI, A/C. No 40103101078512, KGB. ATHOLI, IFSC. KLGB0040103 എന്ന അക്കൗണ്ടിലേക്ക് അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
