കൂമുള്ളി: മുൻ നാവികസേനാംഗങ്ങളുടെ സംഘടനയായ വേവ്സ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ, കോഴിക്കോട് പുത്തഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകമായ ജയ് ജവാൻ വാർ മെമ്മോറിയൽ പരിസരത്ത് വെച്ച് ഇന്ത്യൻ നാവികസേനാ ദിനം ആഘോഷിച്ചു. നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ, അത്തോളി ഹയർ സെക്കണ്ടറി സ്കൂൾ, പാലോറ ഹയർ സെക്കണ്ടറി സ്കൂൾ, പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, കൂമുള്ളി യു.പി സ്കൂൾ എന്നിവിടങ്ങളിലെ NCC, സ്കൗട്ട് & ഗൈഡ്സ്, NSS, JRC കേഡറ്റുമാരുടെ സാന്നിധ്യത്തിൽ, മുൻ നാവിക സേന അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ മുന്നൂറോളം പേർ യുദ്ധ സ്മാരകത്തിൽ ഒത്തുകൂടി. മുതിർന്ന മുൻ നാവികസേന അംഗം ബാലൻ നായർ നേവിയുടെ പതാക ഉയർത്തി. തുടർന്ന് വീര മൃത്യു വരിച്ച സൈനികർക്കു യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

സംഘടനയുടെ പ്രസിഡണ്ട് ശിവദാസൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സതീശൻ, രജീഷ് പുത്തഞ്ചേരി, ഷൈലജ എന്നിവർ സംസാരിച്ചു.
ഇന്ത്യയിൽ നാവിക ദിനം ആചരിക്കുന്നത് ഓപ്പറേഷൻ ട്രൈഡന്റ് എന്ന ചരിത്രപരമായ 1971 ലെ യുദ്ധാനന്തര നാവികസേനാ ഓപ്പറേഷനെ സ്മരിച്ചാണ്. പൊതുജനങ്ങൾക്ക് നാവികസേനയെപ്പറ്റിയുള്ള ബോധവൽക്കരണവും, ബന്ധവും വർധിപ്പിക്കുക എന്നതും നാവികദിനാഘോഷങ്ങളുടെ ഒരു പ്രധാന ലക്ഷ്യമാണ്.
