അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിന്റെയും അത്തോളി കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൃഷിവകുപ്പിന്റെ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിദ്യാ ബാബുവിൻ്റെ നേതൃത്വത്തിലുള്ള ലാബ് സംഘമാണ് മണ്ണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കൃഷിഭവൻ മുഖേന ലഭിച്ച 32 മണ്ണ് സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനാഫലങ്ങൾ അതേ ദിവസം തന്നെ കർഷകർക്ക് വിതരണം ചെയ്തു. മണ്ണിന്റെ പോഷകസ്ഥിതിയും ആവശ്യമായ വളപ്രയോഗ നിർദേശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടുകൾ ലഭിച്ചതിലൂടെ ശാസ്ത്രീയ കൃഷിരീതികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ കർഷകർക്ക് സഹായകമാകും.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എസ്. അനിൽകുമാർ , വാർഡ് മെമ്പർ വി. എൻ. ജയചന്ദ്രൻ, കൃഷി ഓഫീസർ ജേക്കബ് ഷമോൻ, കൃഷി അസിസ്റ്റന്റ് ബിനു, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, മണ്ണ് പരിശോധന ലാബിലെ അസിസ്റ്റന്റുമാർ, കർഷകർ എന്നിവർ പങ്കെടുത്തു.

