പൂക്കാട് : കേരളം രൂപപ്പെട്ടതെങ്ങനെ എന്ന ചരിത്ര ബോധമുള്ളവരായി പുതുതലമുറ വളരണമെന്ന് സാമൂഹിക പരിഷ്കർത്താവും പ്രശസ്ത നാടക നടിയുമായ നിലമ്പൂർ ആയിഷ പറഞ്ഞു. പൂക്കാട് കലാലയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കളി ആട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കലുഷിതമായ ഒരു സമൂഹത്തെ നേർവഴിയിലേക്ക് കൊണ്ടുവന്ന് ഐക്യകേരളം സൃഷ്ടിച്ചെടുക്കുന്നതിൽ നാടക പ്രവർത്തകരും സാംസ്കാരിക നായകരും വഹിച്ച പങ്ക് ചെറുതല്ല. കാലം മാറിയതെങ്ങനെ എന്ന ബോധം ഉണ്ടാവണം. പതിനാല് വയസിൽ തുടങ്ങിയ സാംസ്കാരിക ഇടപെടൽ തൊണ്ണൂറാം വയസ്സിലും തുടരുന്നത് ഐക്യകേരളം എന്ന ചിന്ത മസ്സിൽ മായാതെ നിൽക്കുന്നതുകൊണ്ടാണെന്നും അവർ പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ കെ.ടി ശേഖർ അദ്ധ്യക്ഷത വഹിച്ചു. കലാലയം പ്രസിഡണ്ട് അഡ്വ കെ ടി ശ്രീനിവാസൻ പതാക ഉയർത്തി. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി അനുഗ്രഹഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് ആശംസകളർപ്പിച്ച് സംസാരിച്ചു.

പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടർ. പ്രശസ്ത നാടക പ്രവർത്തകൻ എ. അബൂബക്കർ ക്യാമ്പ് കോ-ഓർഡിനേറ്ററാണ്. ഒൻപതിനും പതിനഞ്ചിനും ഇടയയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് അഞ്ച് ദിവസവും അഞ്ചിനും എട്ടിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് മൂന്ന് ദിവസവുമാണ് ക്യാമ്പ്.
വൈകീട്ട് ജി.എം.യു.പി സ്കൂൾ വേളൂർ അവതരിപ്പിച്ച ‘ഞ്ച’ എന്ന നാടകവും മേമുണ്ട ഗവ. ഹൈസ്കൂൾ വടകര അവതരിപ്പിച്ച ‘ഭാഷ’ എന്ന നാടകവും അരങ്ങേറി

