ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയ്ക്കായി ഒരുക്കിയ ഇന്ത്യാ സ്റ്റോറി നാടകത്തിൻ്റെ ആദ്യ അവതരണം ജനുവരി 19 ന് വൈകീട്ട് 6 മണിക്ക് കണ്ണിപ്പൊയിലിൽ നടക്കും. ഡോ. എ. എം. ഷിനാസ് ഉദ്ഘാടനം ചെയ്യും. ഇന്ന് തുടക്കമാവുന്ന കലാജാഥ ഫെബ്രുവരി 11 വരെ വിവിധ ജില്ലകളിലെ വേദികളിൽ പരിപാടികൾ അവതരിപ്പിക്കും.

കലാ ജാഥ പരിശീലന ക്യാമ്പ് ജനുവരി 12 മുതൽ കണ്ണിപ്പൊയിലിൽ നടന്നുവരികയായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ പി.ജി വിദ്യാർത്ഥി അരവിന്ദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ ബഹുസ്വരതയുടെ മഴവിൽ സൗന്ദര്യം മറച്ചുവെച്ച് സർവവും ഒരു അധികാരകേന്ദ്രത്തിലേക്ക് പരിമിതപ്പെടുത്തുന്ന വർത്തമാന കാല യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്ത്യാ സ്റ്റോറി.

ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ ഉയർത്തുന്ന ഏകത്വ മന്ത്രം മതരാഷ്ട്ര വാദത്തിൻ്റെ പ്രതിഫലനം മാത്രമാണെന്ന് കലാജാഥ പറയുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ ആശയങ്ങളെ ലളിതമായും ആഴത്തിലും പകർന്നുനൽകാനുതകുന്ന സ്കിറ്റുകളും കവിതകളും ഗാനങ്ങളും സംഗീതവും കോർത്തുവച്ചിട്ടുണ്ട്.

ബാബുരാജ് മലപ്പട്ടം, ആദിത്യ സന്തോഷ്, നിർമ്മല കെ.രാമൻ, വിശ്രുത് , ബിന്ദു പീറ്റർ, റിനേഷ് അരിമ്പ , അഖിലേഷ് തൃശൂർ, ജോസ് പൂക്കാരം, വിഷ്ണു പാലക്കാട്, സനൽ കോഴിക്കോട് എന്നിവരാണ് അഭിനേതാക്കൾ.

കലാജാഥ പരിശീലന ക്യാമ്പ് കണ്ണിപ്പൊയിലിലെ നാട്ടുകാർ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. ദിവസവും വൈകീട്ട് 5 മണിക്ക് ശാസ്ത സംവാദ പരമ്പര നടന്നു.ടി.സുരേഷ് ( കാടും നമ്മുടെ ആരോഗ്യവും) ,
ഗീത ടീച്ചർ (ലിംഗ നീതിയും കുടുംബത്തിലെ ജനാധിപത്യവും) , പ്രൊഫ. കെ.പാപ്പൂട്ടി (ജ്യോതിഷവും ജ്യോതിശാസ്ത്രവും),
കെ.കെ. ശിവദാസൻ (മികവ് എല്ലാവർക്കും വിദ്യാഭ്യാസ സംവാദം), എൻ. ശാന്തകുമാരി (ശാസ്ത്രവും ജീവിതവും), ടി.കെ. വിജയൻ മാസ്റ്റർ ( വി ദ പീപ്പിൾ ഭരണഘടനാ സദസ്സ്) എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു
