അത്തോളി കൊങ്ങന്നുർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. അത്തോളി ജി.എം.യു പി സ്കുളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ പ്രതിനിധി എൻ.ആലി ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ വഴികാട്ടിയിയിരുന്നു എം.ടി. വാസുദേവൻ നായരെന്ന് അദ്ദേഹം പറഞ്ഞു.

എം.ജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹിക വിഷയങ്ങളിൽ ഗൗരവ ശ്രദ്ധയോടെ ഇടപെട്ട വ്യക്തിത്വമായിരുന്നു എം.ടിയുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.ടി. സംവിധാനം ചെയ്ത നിർമ്മാല്യം സിനിമ പ്രദർശിപ്പിച്ചു. സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്ന കാലത്ത് നിർമ്മാല്യത്തിൻ്റെ പ്രസക്തി വർദ്ധിക്കുകയാണെന്ന് സിനിമയെ കുറിച്ച് ആമുഖ പ്രഭാഷണം നടത്തിയ കെ.ടി. ശേഖർ പറഞ്ഞു.
സാമൂഹിക വ്യവസ്ഥിതികളിൽ കാലം വരുത്തുന്ന മാറ്റങ്ങൾ ധനികനിലും ദരിദ്രനിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെ തുടർന്നുണ്ടാവുന്ന തിരിച്ചറിവുകളാണ് ചിത്രത്തിൽ വരച്ചുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനശാല പ്രസിഡണ്ട് കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രദീപൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് അഡ്വ. എം.പി. സാഫിന നന്ദിയും പറഞ്ഞു
