യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് നേതൃസ്ഥാനങ്ങൾ വഹിച്ച് പടിപടിയായി ഉയർന്ന് വന്ന നേതാവാണ് കാനത്തിൽ ജമീലയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അനുസ്മരിച്ചു. നാടിൻ്റെ വികസനത്തിന് ശക്തമായ ഇടപെടൽ നടത്തിയ, സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ വനിതാ നേതാവിനെയാണ് നഷ്ടമായത്. സഹോദരീ തുല്യമായ ബന്ധം കാത്തു സൂക്ഷിച്ച കാനത്തിൽ ജമീലയുടെ വിയോഗം വ്യക്തിപരമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
കാനത്തിൽ ജമീലയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുശോചിച്ചു. ത്രിതല പഞ്ചായത്ത് തലത്തിൽ തുടങ്ങി നിയമസഭയിൽ എത്തിയ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
