അത്തോളി: രാഷ്ട്രീയ രംഗത്തേയും പൊതു പ്രവർത്തനത്തിലേയും സ്നേഹ സ്പർശമായിരുന്നു കാനത്തിൽ ജമീല.
പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യമാണ് കുറ്റ്യാടിക്കാരിയായ ജമീലയെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. പിതാവ് ടി.കെ. അലി അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാവായിരുന്നു.
ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ആദ്യ തിരഞ്ഞെടുപ്പനുഭവം. വിവാഹശേഷം തലക്കുളത്തൂരിലെത്തിയതോടെ അവിടുത്തെ വീട്ടുകാരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരായത് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാന്‍ ജമീലയെ സഹായിച്ചു.
തലക്കുളത്തൂരില്‍ ഭര്‍ത്താവ് അബ്ദുറഹ്മാന്റെ വീട്ടില്‍ ഉമ്മയുള്‍പ്പെടെ മുഴുവന്‍ പേരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അങ്ങനെയാണ് 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍ നിന്ന് ആദ്യമായി ജനവിധി തേടുന്നത്. അത്തവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.
2005-ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. അക്കാലത്താണ് വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള സ്നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിടുന്നത്. വൃക്കരോഗികള്‍ക്ക് 3000 രൂപ ധനസഹായം, തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. ആതുര ശുശ്രൂഷ രംഗത്തെ മികച്ച മാതൃകയായി സ്നേഹ സ്പർശം ജില്ലാ പഞ്ചായത്ത് ഇപ്പോഴും തുടരുന്നു.

2020-ല്‍ രണ്ടാം തവണയും കാനത്തില്‍ ജമീലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് മറിച്ചൊരു ചിന്തയില്ലാതിരുന്നത് ജമീലയുടെ ജനകീയത തന്നെയായിരുന്നു. നന്മണ്ട ഡിവിഷനില്‍ നിന്നും 8094 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അവര്‍ ജയിച്ചുകയറിത്.
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൊയിലാണ്ടിയെ നയിക്കാനും ജമീലയെ പാര്‍ട്ടി തിരഞ്ഞെടുത്തത് ജമീലയുടെ അനുഭവപരിചയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച് നിയമ സഭയിലേക്ക് മത്സരിച്ചു. തദ്ദേശത്തില്‍ തുടങ്ങി നിയമസഭയിലും വെന്നിക്കൊടി പാറിക്കുന്ന ജമീലയെയാണ് പിന്നീട് കണ്ടത്. അന്ന് 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്.
15 വര്‍ഷത്തോളം സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ജമീലയെ അന്ന് പാര്‍ട്ടി ഏല്പിച്ചത്. ആ ദൗത്യം അവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. പൊതു പ്രവർത്തനത്തിലെ ലാളിത്യമായിരുന്നു അവരെ ഏവർക്കും പ്രിയങ്കരിയാക്കിയത്.
