അത്തോളി: കുനിയിൽകടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് താഴേക്ക് മറിഞ്ഞ് ഗുരുതര അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രപേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തിരുവങ്ങൂർ ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കെ എൽ 76 ഡി 6294 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. നന്മണ്ട സ്വദേശികളുടേതാണ് കാർ എന്നാണ് സൂചന.
വാഹനത്തിൽ സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അത്തോളി സഹകരണ ആശുപത്രിയിൽ പ്രാഥമിക പരിശോധനക്ക് ശേഷം പരിക്കേറ്റവരെ മെയ്ത്ര ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

