വാസുദേവൻ കുപ്പാട്ട്
ഇന്ത്യയെ കണ്ടെത്താന്‍ ക്യാമറയുമായി ഇറങ്ങിയ കലാകാരന് കൂടിയായ ഫോട്ടോഗ്രാഫറാണ് വിനോദ് അത്തോളി. കണ്ണുകള്‍ക്ക് മുന്നില്‍ കാലം ഒരു നിമിഷത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഫോട്ടോഗ്രാഫറുടെ ദൗത്യം ദുഷ്കരമാവുന്നു. പക്ഷെ, ആ ദുഷ്കര ദൗത്യത്തിൽ നിന്നുണ്ടാവുന്ന സൃഷ്ടി ഹൃദയാകർഷകമാവുന്നു.വിനോദ് പകർത്തിയ വിസ്മയ ദൃശ്യങ്ങളുടെ പ്രദർശനം അത്തോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആസ്വാദകരെ ആകർഷിച്ചു കൊണ്ട് മൂന്നാം ദിവസത്തിലേക്ക്.
അപൂര്‍വമായ നിമിഷങ്ങളും ദൃശ്യങ്ങളും പകര്‍ത്താന്‍ ദൃഢനിശ്ചയവുമായി ഇറങ്ങുന്ന ഫോട്ടോഗ്രാഫറുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ തടസ്സമാവുകയില്ലെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലൂടെ നീങ്ങുന്ന ഫോട്ടോഗ്രാഫര്‍ക്ക് പല വെല്ലുവിളികളും നേരിടേണ്ടിവരും. അത്തരം സാഹചര്യത്തിലൂടെ കടന്നുപോയ എത്രയോ അവസരങ്ങള്‍ ഉണ്ട്. വിനോദിന്റെ പല ചിത്രങ്ങളും അത്തരം സാഹസികതയുടെ കഥ പറയുന്നു.
ജെല്ലിക്കെട്ട് ദൃശ്യം പകർത്തിയ സാഹസികത വിനോദ് പങ്കുവെക്കുന്നു:
‘കുതിച്ചുപായുന്ന ജല്ലിക്കെട്ട് കാളയുടെ പരാക്രമം ക്യാമറയില്‍ പകര്‍ത്താനുളള ശ്രമം അത്തരത്തില്‍ ഒന്നായിരുന്നു. ജല്ലിക്കെട്ട് അത്യന്തം ആവേശഭരിതമാണ്. അതിനേക്കാള്‍ കൂടുതല്‍ അപകടകരവും. വൈകാരികനിമിഷങ്ങളിലൂടെ കടന്നുപോകുന്ന സാഹസികയജ്ഞം. ഇത് പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം പിണഞ്ഞു. ജല്ലിക്കെട്ട് കാളയും മനുഷ്യനും തമ്മിലുളള അങ്കം പകര്‍ത്തുകയായിരുന്നു. അപ്പോള്‍ വഴി തെറ്റിയ മറ്റൊരു കാള കുതിച്ചു വന്നു. ആള്‍ത്തിരക്കില്‍ പെട്ട് ഞാൻ മലര്‍ന്നടിച്ചുവീണു. കാള എൻ്റെ നേര്‍ക്ക് തിരിഞ്ഞു. എല്ലാ ഫ്രെയിമുകളും അവസാനിച്ചു എന്ന് കരുതി. എന്നാല്‍, ഭാഗ്യം തുണച്ചു. വടിയുമായി ഓടിയെത്തിയ ആളുകള്‍ കാളയെ ഓടിച്ചു. അങ്ങനെ രക്ഷപ്പെട്ടു. വെറുംകൈയോടെ കാളയെ നേരിടുന്ന മനുഷ്യന്റെ അവസ്ഥ മനസ്സ് മരവിപ്പിക്കുന്നതാണ്. ശ്വാസമടക്കിപിടിച്ചുമാത്രം കാണാവുന്ന കാഴ്ച. ക്രൂരമായ ഒരു കളിയെന്ന് വിശേഷിപ്പിക്കാവുന്ന വിനോദം. ജല്ലിക്കെട്ടില്‍ കാളയുമായുള്ള മല്പിടിത്തത്തില് ജീവന് നഷ്ടമാവുന്നവരുടെ കഥകള്‍ പത്രത്താളുകളിലെ സ്ഥിരംവാര്‍ത്തയാണ്. ‘

ജല്ലിക്കെട്ട് കാളയുടെ കൊമ്പില്‍ നിന്ന് തിരിച്ചുകിട്ടിയ ജീവനും ജീവിതവും ക്യാമറയുമായി വിനോദ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയുണ്ടായി. ഫോട്ടോക്കുവേണ്ടിയുള്ള ആ അലച്ചിലും അന്വേഷണവും വെറുതെയായില്ല.
ദസറ ആഘോഷങ്ങളിലെ വര്‍ണപ്പൊലിമ, രാജസ്ഥാനിലെ പുഷ്കര്‍മേള, കഷ്മീരിലെ നൗമഡിക് ഫെസ്റ്റ്, വാരാണസിയിലെ ഭക്തിയും ആധ്യാത്മികതയും കൈകോര്‍ക്കുന്ന ദൃശ്യങ്ങള്‍ തുടങ്ങിയവയെല്ലാം വിനോദ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
കേരളത്തിലെ ദൃശ്യവിസ്മയങ്ങളെല്ലാം ഇതിനിടയില്‍ തന്നെ വിനോദിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. തൃശൂര്‍പൂരം, തെയ്യങ്ങള്‍, കാളപൂട്ട് മത്സരം, ആറന്മുള വള്ളംകളി എന്നിവ ഇതില്‍പെടും. 2000 മുതല്‍ ഫോട്ടോഗ്രാഫി തലക്ക് പിടിച്ച് വിനോദ് കേരളത്തില്‍ തലങ്ങും വിലങ്ങലും സഞ്ചരിച്ചി്ട്ടുണ്ട്.

2010ന് ശേഷമാണ് ദേശാന്തര ദൃശ്യങ്ങളിലേക്ക് കണ്പായിക്കുന്നത്. ലഡാക്ക്, കഷ്മീര്‍ എന്നിവിടങ്ങളിലെ ചാരതയാര്ന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. ആ നാട്ടുകാരുടെ സ്നേഹപ്രകടനങ്ങളില്‍ മനംമറന്നതും വിനോദ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചിത്രങ്ങളിലെ വര്‍ണവിസ്മയവും ബ്ലാക്ക് ആന്റ് വൈറ്റിന്റെ മനോഹാരിതയും നമ്മെ വിസ്മയിപ്പിക്കും. എന്നാല്‍ അതിലുപരിയായി അപൂര്‍വമായ നിമിഷങ്ങള്‍ പകര്‍ത്തുക എന്നതാണ് വിനോദിന്റെ കല. കാളപൂട്ടിന്റെ ആവേശം അന്തരീക്ഷത്തില്‍ പാടത്തെ വെള്ളം വര്‍ണചിത്രമായി മാറുമ്പോള്‍ വിനോദിന്റെ ക്യാമറ അത് ഒപ്പിയെടുക്കുന്നു. തെയ്യത്തിന്റെ കടുംവര്‍ണങ്ങളുടെ ധാരാളിത്തവും വിനോദിന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു.
നിരവധി അവാര്‍ഡുകള്‍ വിനോദിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ദിര ആര്‍ട്സ് ഛായാമോഹനം(2015), കേരള സ്റ്റേറ്റ് ഹരിതകേരള മിഷന്(2017,2019), കേരള ജൈവ വൈവിധ്യ ബോര്‍ഡ്(2017, 19), ബ്രൂക്ക് ഇന്റര്‍നാഷണല്‍ അവാര്‍ഡ്(2019), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഡസ് സ്ക്രോള്‍ അവാര്‍ഡ(2019)്, കൂട് മാഗസിന് അവാര്‍ഡ്, ജലം അവാര്‍ഡ്, കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് അവാര്‍ഡ്(2018) എന്നിവ അതില്‍പെടും. അന്തര്‍ദേശീയ ഫോട്ടോഗ്രാഫി മത്സരമായ ഹിപയില് 2017ല്‍ ഫൈനലില്‍ എത്തുകയുണ്ടായി. 2020ല്‍ ലളിതകലാ അക്കാദമിയുടെ കലാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. വിനോദിന്റെ ഫോട്ടോകള്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരേതനായ ഗോപി ആശാരിയുടെയും ലീലയുടെയും മകനാണ്. ഭാര്യ: സ്വപ്ന. മക്കള്‍: പാര്‍ഥിവ്, പ്രണവ്. അത്തോളിയിലെ മിയ സ്റ്റുഡിയോ ഉടമയാണ്
