ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഒക്ടോബർ 25ന് കേരളത്തിലെത്തും. നവംബർ 2 വരെ ഏഴ് ദിവസം അദ്ദേഹം കേരളത്തിലുണ്ടാവുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞു. അർജൻ്റീനിയൻ ടീം രണ്ട് സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കും. മെസ്സി 20 മിനുട്ട് ആരാധകരുമായി സംവദിക്കുമെന്നും കായിക മന്ത്രി പറഞ്ഞു. മെസ്സി ഉൾപ്പെട്ട ടീം കേരളത്തിലെത്തുമെന്ന് നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും എപ്പോൾ എത്തുമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. മന്ത്രിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ആരാധാകരുടെ കാത്തിരിപ്പിന് വിരാമമായി.
കൊച്ചി നെഹ്റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിര് ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ എത്തും.
ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്
