അത്തോളി: അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തിന് സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സ്കൂളിന് 15 കംപ്യൂട്ടറുകള്‍ വാങ്ങാന്‍ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് തുക അനുവദിച്ചതായും എം.കെ രാഘവന് എം.പി അറിയിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ പ്രതിമ എം.പി എം.കെ രാഘവന് അനാച്ഛാദനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കല്‍ അധ്യക്ഷനായി.

പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ കണ്‍വീനര്‍ ഗിരീഷ് ത്രിവേണി, പ്രിന്‍സിപ്പല്‍ കെ.കെ മീന, ഹെഡ്മിസ്ട്രസ് വി.ആര് സുനു, കെ.എം അഭിജിത്ത്, ഹൈദരലി കൊളക്കാട്, പി.കെ സിന്ധു, ശ്രീജിത്ത് വിഹാര്‍ പ്രസംഗിച്ചു. മൂസക്കോയ മാസ്റ്റര്‍, കെ.വി ഭാരതിടീച്ചര്‍, ഗംഗാധരന് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി സ്കൂളില്‍ ഉച്ചഭക്ഷണം തയാറാക്കുന്ന സരോജിനിയെ ചടങ്ങില്‍ ആദരിച്ചു. കെ.പി ഫൈസല്‍ സ്വാഗതവും മദര്‍ പി.ടി.എ പ്രസിഡന്റ് ശാന്തി മാവീട്ടില്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന പൂര്‍വ അധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സോമന് കടലൂര്‍ മുഖ്യാതിഥിയായി. ഇന്ന്(തിംകള്) വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
