തോരായി : ബാലുശ്ശേരി- കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിൻ്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. ഉള്ള്യേരി, ബാലുശ്ശേരി, അത്തോളി, കൊയിലാണ്ടി, ചേമഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ക്ളേശങ്ങൾക്ക് പരിഹാരം കാണുന്നതാണ് തോരായിക്കടവ് പാലം. വിനോദ സഞ്ചാര വികസനത്തിലും പാലം നിർണ്ണായക പങ്കു വഹിക്കും.
വയനാട്ടിൽ നിന്ന് കാപ്പാട്ടേക്കും തിരിച്ചും വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗ്ഗമാണ് പാലം പണി പൂർത്തിയാകുന്നതോടെ തുറക്കപ്പെടുന്നത്.
കാഞ്ഞിലശ്ശേരി ശിവക്ഷേത്രം, തോരായി വിഷ്ണു ക്ഷേത്രം, തോരായി പഴയ പള്ളി എന്നിവിടങ്ങളിലേക്കും അകലാപുഴയുടെ ഇരു കരകളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൻ എത്തിച്ചേരാനാവും. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിലേക്കും തിരിച്ച് ദേശീയ പാതയിലേക്കും എളുപ്പത്തിലെത്താന് പാലം സഹായകമാവും.

കിഫ്ബിയിൽ നിന്ന് 23.82 കോടി രൂപ ചെലവിട്ട് ഇടതുപക്ഷ സർക്കാറാണ് പാലം നിർമ്മാണത്തിന് തുടക്കമിട്ടത്. നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യത്തിന് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല, ബാലുശ്ശേരി എം. എൽ എ സച്ചിൻ ദേവ് എന്നിവർ മുൻകയ്യെടുത്തതോടെയാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് വന്നത്. 2023 ജൂലൈ 31-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
263 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 9 സ്ലാബുകൾ ആണുള്ളത്. മധ്യഭാഗത്തെ ആർച്ച് മാതൃകയിലുള്ള രൂപകല്പന പാലത്തിന് ദൃശ്യഭംഗിയേകുന്നു. ഈ ഭാഗത്തിന് 12 മീറ്റർ വീതിയുണ്ട്. പുഴയുടെ ജല നിരപ്പിൽ നിന്ന് 6 മീറ്ററിലധികം ഉയരമുളളതിനാൽ ബോട്ടുകൾക്കും മറ്റും അനായാസം ഈ ഭാഗത്തു കൂടെ കടന്നുപോകാനാവും. പാലത്തിന്റെ ഇരുവശങ്ങളിലെ 100 മീറ്റർ വീതമുള്ള അപ്രോച്ച് റോഡിൻ്റെ പ്രവൃത്തിയാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. ഇതിൻ്റെ പണിയും പുരോഗമിക്കുകയാണ്.
ജൂണിൽ പൂർത്തീകരിക്കുമെന്ന് കരാറുകാർ ഉറപ്പു പറഞ്ഞ നിർമ്മാണ പ്രവൃത്തിയിൽ കാലതാമസം വന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

