അത്തോളി : ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അത്തോളി ഓട്ടോ തൊഴിലാളി കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് ഭീമഹർജി സമർപ്പിച്ചു. കോർഡിനേഷൻ കമ്മറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് വി എം സുരേഷ് ബാബു, സെക്രട്ടറി രജീഷ് ഒ ടി , ഷാനവാസ് അത്തോളി, ഇ എം ബാബു, നിഷാന്ത് വി , അസ്ലംകുനിയിൽക്കടവ്, ജിതേഷ് എന്നിവർ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണന് നിവേദനം കൈമാറി.
ജൽ – ജീവൻ പദ്ധതിയുടെ ഭാഗമായി വെട്ടിപൊളിച്ചതും അല്ലാത്തതുമായ മുഴുവൻ റോഡുകളും പൂർണ്ണമായും തകർന്നു കിടക്കുകയാണ്. ഏതാനും റോഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഭാഗികമായി നന്നാക്കാൻ തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴും മിക്ക റോഡുകളും പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതിലൂടെയുള്ള നിരന്തര യാത്ര ഓട്ടോ ഡ്രൈവർമാരുടേയും യാത്രക്കാരുടേയും നടുവൊടിക്കുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ മുക്കാൽ പങ്കും വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ചിലവഴിക്കേണ്ടിയും വരുന്നു. ഇക്കാരണത്താൽ അത്തോളിയിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന ഞങ്ങളുടെ ജീവിതം ദുരിതത്തിലാണ്. മുഴുവൻ റോഡുകളും എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുന്നതിനാവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും 2026 – 27 സാമ്പത്തിക വർഷം ത്രിതല പഞ്ചായത്തുകൾ അത്തോളി ഗ്രാമ പഞ്ചായത്തിൽ നവീകരണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുള്ള മുഴുവൻ റോഡുകളുടേയും പ്രവർത്തികൾ 2026 ഡിസംബറിന് മുമ്പ് തന്നെ പൂർത്തിയാക്കുന്നതിനും ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
സെപ്തംബർ 30 മുതൽ ഒക്ടോബർ 2 വരെ ഹൈസ്കൂൾ പരിസരം, അത്താണി, കുനിയിൽ ക്കടവ് ജംഗ്ഷൻ എന്നിവിടങ്ങളിളിൽ ഇതിൻ്റെ ഭാഗമായി ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തിയിരുന്നു.

