അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭയായിരുന്നു പ്രിയപ്പെട്ടവരുടെ ആർ വി.
നാവിലും മനസ്സിലും ഏത് നേരവും നാടകവും മാത്രമായിരുന്നു. തന്നിലെ കലാകാരനെ അരങ്ങിലെത്തിക്കാൻ വേണ്ടി തന്നേക്കാൾ പ്രായമുള്ളവരോടൊപ്പം കൂട്ടുചേർന്നു. കോഴിക്കോടിൻ്റെ നാടക പ്രതിഭയായിരുന്ന സുരാസുവിനെ പോലുള്ളവരുമായി അരങ്ങുകൾ പങ്കിട്ടു. അവർക്കു വേണ്ടി നാട്ടിലെ വായനശാലകളിലും തെരുവുകളിലും അരങ്ങൊരുക്കി. നാടകത്തിലേയും കാവ്യാവതരണത്തിലേയും പുതിയ സങ്കേതങ്ങൾ അത്തോളിക്കാർ പരിചയപ്പെടുന്നത് സതീഷ് ഒരുക്കിയ വേദികളിലൂടെയായിരുന്നു.
ആർട് ലവേഴ്സ് അസോസിയേഷൻ ( അല) എന്ന കൂട്ടായ്മയുണ്ടാക്കി ‘മാണി – കോയ – കുറുപ്പ്’ ടീമിനെ സംവിധാനം ചെയ്ത് നാടകങ്ങൾ അവതരിപ്പിച്ചു. സതീഷിലെ കലാകാരൻ ജ്വലിക്കുന്ന ആവേശമായി നിറഞ്ഞുനിന്ന നാളുകളായിരുന്നു അതെന്ന് ടീമംഗമായിരുന്ന അഷ്റഫ് ചീടത്തിൽ ഓർക്കുന്നു.
കോളേജ് പഠന കാലത്ത് കോഴിക്കോട് സർവ്വകലാ ശാലയിലെ മികച്ച നടനായിരുന്നു സതീഷ്. അരങ്ങുകളിൽ നിന്ന് അരങ്ങുകളിലേക്ക് സഞ്ചരിക്കുമ്പോഴെല്ലാം സിനിമയായിരുന്നു ആതൃന്തിക ലക്ഷ്യം. അതിനു വേണ്ടി പൂക്കാട് കലാലയത്തിൽ നിന്ന് സംഗീതവും നൃത്തവും ശാസ്ത്രീയമായി പഠിച്ചു.
സിനിമാ പ്രവേശനത്തിനായുള്ള നെട്ടോട്ടമായിരുന്നു സതീഷിൻ്റെ അവസാന നാളുകൾ. അതിൻ്റെ ഭാഗമായിട്ടായിരുന്നു തനിക്ക് ഒട്ടും ചേരാത്ത മെഡിക്കൽ റെപ്പിൻ്റെ വേഷം സതീഷ് അണിഞ്ഞത്. വെളുത്ത ഷർട്ട് ഇൻ ചെയ്ത് ചുവന്ന ടൈ കെട്ടി ലെതർ ഷൂസും കൂളിംഗ് ഗ്ലാസും ധരിച്ച് ബൈക്കിൽ പറന്നു. നാടകക്കുറിപ്പുകളും സാമ്പിൾ മരുന്നുകളും ഒരുമിച്ച് നിറച്ച ബാഗുമായുള്ള യാത്രയിൽ കണ്ണൂരിൽ വച്ചുണ്ടായ അപകടത്തിലാണ് സതീഷ് മരിക്കുന്നത്.
പ്രതിഭ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട സതീഷിൻ്റെ ഓർമ്മകൾ അത്തോളിയിൽ നിന്ന് മാഞ്ഞുപോകരുത്. ആർ വി സതീഷിൻ്റെ പേരിൽ ഒരു നാടകോത്സവത്തിന് അത്തോളിയിൽ അരങ്ങൊരുങ്ങുന്നത് കാണാൻ കാത്തിരിക്കാം.
