കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് പ്രതിവർഷം 30,000 രൂപ സബ്സിഡി നൽകും. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് mvd.kerala.gov.in
വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക. ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡിയിൽ 500 എണ്ണം മാർച്ച് 15-ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വനിതകളിൽ നിന്ന് അപേക്ഷ ലഭിക്കാത്ത പക്ഷം ഈ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റും.
അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കൂ.
അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടർന്നാൽ വീണ്ടും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ:
https://transportservices.nic.in/KeralaEV/#/dashboard/service-info

