അത്തോളി : അത്തോളി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കേരളോത്സവം നടത്തിപ്പിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗത്തിൻ്റെ കണ്ടെത്തൽ. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ 2024 – 25 വർഷത്തെ റിപ്പോർട്ടിലാണ് അപാകതയുള്ള കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത് ഭരണ സമിതി അപാകത സംബന്ധിച്ച് രേഖകളുടെ പരിശോധനക്ക് സബ് കമ്മിറ്റി രൂപീകരിച്ചിരിക്കയാണ്.
കേരളോത്സവ സംഘാടകസമിതി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയിൽ നിന്നും 2024-25 വർഷത്തിൽ അഡ്വാൻസായി കൈപ്പറ്റിയ 1, 50, 000 രൂപ ചെലവഴിച്ചതിന് രേഖകളിൽ കൃത്യതയില്ല. കേരളത്സവം നടത്തിപ്പിന് സംഭാവന പിരിക്കുന്നതിനായി സംഘാടക സമിതി 500 കൂപ്പണുകൾ പ്രിന്റ് ചെയ്തതിന് അച്ചടി ചെലവ് അനുവദിച്ചിട്ടുണ്ടെങ്കിലും കൂപ്പൺ വകയിൽ വരവെന്നും ലഭിച്ചതായി കാണിച്ചിട്ടില്ല. കൂപ്പണുകൾ സ്റ്റോക്കിലെടുക്കുകയോ രശീതുകൾ ഓഡിറ്റ് വകുപ്പിന് പരിശോധനക്ക് ഹാജരാക്കുകയോ വരവ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ഫുട്ബോൾ മത്സരം നടത്തുന്നതിന് സ്കൂൾ മൈതാനം ലഭ്യമാക്കുന്നതിന് പകരം ടർഫിന് വാടകയിനത്തിൽ 16500 രൂപ നൽകിയതായും കാണിച്ചിട്ടുണ്ട്. സംഘാടക സമിതി വരവ് ചെലവ് കണക്കുകൾ ക്രമീകരിച്ചിട്ടില്ലെന്നും ഓഡിറ്റ് വകുപ്പ് കണ്ടെത്തി. അപാകത സംബന്ധിച്ച് വിശദീകരണവും രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് നൽകിയ കത്തിന് ബന്ധപ്പെട്ടവർ മറുപടിയൊന്നും നൽകിയിട്ടുമില്ല.

