അത്തോളി : അവസാന നാളുകൾ വരെ ജീവിതം അവകാശ പോരാട്ടങ്ങൾക്കായി നീക്കിവെച്ച സമര സഖാവിന് വിട. സർവ്വീസ് സംഘടനാ രംഗത്തും ജനാധിപത്യ മഹിളാ അസോസിയേഷനിലും തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിലും മുൻ നിരയിൽ നിലയുറപ്പിച്ച നേതാവായിരുന്നു എം ലക്ഷ്മി. അടുത്ത നാളുകളിൽ വരെ തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരരംഗത്തുണ്ടായിരുന്നു.
സർവീസ് സംഘടനകളുടെ 2002 ലെ 32 ദിവസത്തെ പണിമുടക്കിന് നേതൃത്വം നൽകിയതിന് വസ്ത്രം മാറാൻ പോലും സമയം നൽകാതെയാണ് അർദ്ധരാത്രി വീടു വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. എൻജിഒ സമരത്തിൽ പങ്കെടുത്ത് പോലീസ് മർദ്ദനത്തിന് ഇരയായി. ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പോലീസും അറസ്റ്റും ജയിൽവാസവും ഒന്നും പോരാളിയെ തളർത്തിയില്ല.
തൊഴിലുറപ്പ് പ്രസ്ഥാനത്തിലെ സ്ത്രീകളുടെയും, ഖാദി തൊഴിലാളികളുടെയും
പ്രിയപ്പെട്ട നേതാവായിരുന്നു. തൊഴിലാളി വർഗ്ഗത്തിൻ്റെ അമരക്കാരി എന്ന പദത്തെ അന്വർത്ഥമാക്കിയതായിരുന്നു പൊതുജീവിതം. തീ പാറുന്ന വാക്കുകൾ നിറഞ്ഞ ജ്വലിക്കുന്ന പ്രസംഗം എല്ലാവർക്കും ആവേശമായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
ജനകീയാസൂത്രണ പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റാണ്. നിലവിൽ സിപിഐ എം അത്തോളി ലോക്കൽ കമ്മറ്റി അംഗവും സിഐടിയു ബാലുശേരി ഏരിയാ ജോയൻ്റ് സെക്രട്ടറിയുമാണ്. എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. അത്തോളി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ചു. കോഴിക്കോട് പോളി ടെക്നിക്കിൽ നിന്നാണ് വിരമിച്ചത്.
ഭർത്താവ്: പി അപ്പുക്കുട്ടി. (റിട്ട. കെഎസ്ആർടിസി ) മക്കൾ: അലൗജ്, അലീഷ . മരുമക്കൾ: ലിൻസി , പ്രദീപൻ

