അത്തോളി : യു ഡി. എഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളിൽ വിതരണം ചെയ്യുന്ന അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരണം ഗ്രാമ വാർത്തയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. അഴകാർന്ന അത്തോളി , മികവാർന്ന ഭരണം എന്ന വാക്യത്തോടെയാണ് നാല് പേജുകളുള്ള പത്രം വാർഡുകളിൽ വിതരണം ചെയ്യുന്നത്. തദ്ദേശ വകുപ്പിൻ്റെ ലോഗോയും പത്രത്തിലുണ്ട്.
ഗ്രാമ പഞ്ചായത്ത് ചെലവിൽ തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വിതരണം ചെയ്യാൻ പാടില്ലാത്തതാണ്. പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ എന്ന് അവകാശപ്പെടുന്ന കാര്യങ്ങളാണ് പത്രത്തിലുള്ളത്. ഇതു സംബന്ധിച്ച് പെരുമാറ്റ ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ പരാതിയിൽ എൽഡിഎഫ് കൺവീനർ പി.എം ഷാജി ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രസിദ്ധീകരണം എന്ന് കാണിച്ചിട്ടുണ്ടെങ്കിലും എവിടെ പ്രിൻ്റ് ചെയ്തുവെന്നോ എത്ര കോപ്പി പ്രിൻ്റു ചെയ്തുവെന്നോ വ്യക്തമാക്കുന്ന നിയമാനുസരണമുള്ള കാര്യങ്ങൾ പത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടി.
യു ഡി. എഫ് കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരണം വീടുകളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
