ബാലുശ്ശേരി: മുപ്പത് വർഷമായി ബാലുശ്ശേരിയിൽ ഭവാനി സംഗീത വിദ്യാലയം നടത്തുന്ന പ്രശസ്ത കർണ്ണാടക സംഗീതാചാര്യൻ ഹരിപ്പാട് കെ.പി.എൻ. പിള്ളയ്ക്ക് ശിഷ്യരും സ്വാതിതിരുനാൾ സംഗീതസഭയും ചേർന്ന് ഒരുക്കിയ സമാദരണ സദസ്സ് ബാലുശ്ശേരിക്ക് അവിസ്മരണീയമായ സംഗീത വിരുന്നായി.
പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ പൂർണകുംഭം നൽകി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് ഗുരുവിനെ ശിഷ്യ സമൂഹം ആനയിച്ച് ആദരിച്ചു.
പ്രസിദ്ധ സിനിമാ സംഗീത സംവിധായകൻ ശരത് നയിച്ച സംഗീത കച്ചേരിയും സിനിമാ ഗാനാലാപനവും സദസ്സിന് നവ്യാനുഭവമായി.
കലാമണ്ഡലം വൈഷ്ണവി ശിവൻ അവതരിപ്പിച്ച കുച്ചിപ്പുടി, സ്വാതി തിരുനാൾ സംഗീത കോളേജ് തിരുവനന്തപുരം റിട്ടയേർഡ് പ്രൊഫസർ സൗന്ദർ രാജൻ അവതരിപ്പിച്ച വീണ കച്ചേരി വിനോദ് ചിറ്റിലപ്പള്ളിയും സംഘവും അവതരിപ്പിച്ച നാദസ്വര കച്ചേരി എന്നിവ സംഗീത സദസ്സിനെ ധന്യമാക്കി.
സാംസ്കാരിക സദസ്സിൽ കെ.എം.സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഹരിപ്പാട് കെ.പി.എൻ. പിള്ളയ്ക്ക് മംഗളപത്രം സമർപ്പിച്ചു. സംഗീത സംവിധായകൻ ശരത് മുഖ്യാതിഥിയായി. എൻ. കെ. ദാമോദരൻ മാസ്റ്റർ കെ.പി.എൻ. പിള്ളയെ സദസ്സിന് പരിചയപ്പെടുത്തി.
പൃഥ്വീരാജ് മൊടക്കല്ലൂർ മംഗളപത്രപാരായണം നടത്തി.

ആകാശവാണി കോഴിക്കോട് നിലയം പ്രോഗ്രാം എക്സിക്യുട്ടീവ് സി.കൃഷ്ണകുമാർ, അജിത് ഭവാനി, എന്നിവർ പ്രസംഗിച്ചു. മറുമൊഴിയിൽ തൻ്റെ സംഗീത ജീവിതാനുഭവങ്ങളും മാതാവിൻ്റെ നാമധേയത്തിൽ ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന ഭവാനി സംഗീത വിദ്യാലയത്തിലെ ശിഷ്യരുടെ സ്നേഹാദരങ്ങളെക്കുറിച്ചും സംസാരിച്ചു.
സമാദരണ സദസ്സിന് ആശംസകൾ നേർന്നുകൊണ്ട് സ്വാതിതിരുനാൾ സംഗീത കോളേജിലെ സതീർഥ്യൻ ഗാനഗന്ധർവൻ പത്മശ്രീ യേശുദാസ് അയച്ച വീഡിയോ സദസ്യർക്കായി പ്രദർശിപ്പിച്ചു.
പി. സുധാകരൻ മാസ്റ്റർ സ്വാഗതവും ധന്യ നരിക്കോടൻസ് നന്ദിയും പറഞ്ഞു.
ഹരിപ്പാട് കെ.പി.എൻ. പിള്ള സംഗീത സംവിധാനം നിർവ്വഹിച്ച സിനിമാ ഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടുത്തി
‘ ഇന്ദു രാഗേന്ദു’ എന്ന പേരിൽ സിനിമാ പിന്നണിഗായകർ ഉൾപ്പെടെയുള്ള പഴയ കാല ശിഷ്യർ അവതരിപ്പിച്ച ഗാനാർച്ചന പുതിയ കാലത്തെ ഇലക്ട്രോണിക്സ് ശബ്ദകാലുഷ്യങ്ങൾക്കപ്പുറം മാണിക്യ ക്കുയിലിൻ്റെ മനം കവരുന്ന മാതളത്തേനിൻ്റെ മധുരമായി ബാലുശ്ശേരി ആസ്വദിച്ചു.
