അത്തോളി : ഭരണം നടത്തുന്ന യു.ഡി.എഫ് ബഹിഷ്കരിച്ച അത്തോളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അത്തോളിയുടെ മുഖച്ഛായ മാറ്റാൻ ഉപകരിക്കുന്ന നിർദ്ദേശങ്ങൾ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും വൻ വിജയമായി. അത്തോളി ലക്സ്മോർ കൺവൻഷൻ സെന്ററിൽ നടന്ന വികസനസദസ്സിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുത്തു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും നാടിന്റെ വികസന കാര്യങ്ങളിൽ കക്ഷി രാഷ്ട്രീയം കടന്ന് വരേണ്ടതില്ലെന്നും എം.എൽ.എ പറഞ്ഞു.
മിനി ബസ് സ്റ്റാൻ്റ്, സാംസ്കാരിക നിലയം, സമഗ്രമായ ഡ്രെയ്നേജ് സംവിധാനം, തീരദേശ റോഡ്, പൊതു ശൗചാലയം, ശുദ്ധ ജല വിതരണം, ടൂറിസം വികസനം, അത്തോളി വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം, ഹൈമാസ്റ്റ് ലൈറ്റുകള്‍, റോഡുകളില്‍ സീബ്രാ ലൈൻ , റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍ തുടങ്ങിയ നിർദ്ദേശങ്ങൾ പൊതു ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് സർക്കാറിലേക്ക് സമർപ്പിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് പറഞ്ഞു.

ഐഎസ്ഒ അംഗീകാരം ലഭിച്ച സിഡിഎസി നേയും, പന്തലായനി ബ്ലോക്കിൽ മികച്ച ഹരിത കർമ സേനയായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകർമ സേന പ്രവർത്തകരേയും വേദിയിൽ ആദരിച്ചു. ജില്ലയിലെ മികച്ച മേറ്റിനുള്ള അംഗീകാരത്തിനർഹയായ അനിതാ വയക്കലിനേയും ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ രണ്ടു വയസ്സുകാരനായ നെല്ലിപ്പുനത്തിൽ ഷരുൺരാജ് , ആഷ്ലിരാജ് ദമ്പതികളുടെ മകൻ യാൻഷിബ് നെയും അനുമോദിച്ചു . ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു മഠത്തിൽ, സുധ കാപ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എം വേലായുധന്, പി കെ ജുനൈസ്, കെ എം ശകുന്തള, ഫൗസിയ ഉസ്മാന്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ കെ അബിനേഷ് കുമാര്‍, അസി. സെക്രട്ടറി മനോജ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ വിജില സന്തോഷ്,
വ്യാപാരി സംഘാടന നേതാക്കളായ കൊല്ലോത്ത് ഗോപാലൻ, പി എം ജമാൽ, പി എം ഷാജി, ഗണേശൻ തെക്കേടത്ത് , സി എം സത്യൻ, ടി കെ കരുണാകരൻ, എം ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് തലത്തിലും സർക്കാർ തലത്തിലും കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കാനും പ്രാദേശിക തലത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ സ്വരൂപിക്കാനുമാണ് വികസന സദസ്സ് സംഘടിപ്പിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. അത്തോളി പഞ്ചായത്തിൽ പരിപാടി നടത്തുന്നതിൽ നിന്ന് ഭരണ സമിതി വിട്ടു നിന്നു. സെക്രട്ടറി വിളിച്ചു കൂട്ടിയ സംഘാടക സമിതി യോഗവുമായും സഹകരിച്ചില്ല.
പ്രകടന പത്രികയിൽ മുന്നോട്ടു വെച്ച കാര്യങ്ങളിൽ ഒന്നു പോലും നടപ്പാക്കാൻ സാധിക്കാതെ ഭരണം സമ്പൂർണ്ണ പരാജയമായതിനാലാണ് യു.ഡി.എഫ് വികസന സദസ്സ് സംഘടിപ്പിക്കാൻ തയ്യാറാവാതെ വിട്ടുനിന്നതെന്ന് വികസന സദസിൽ പങ്കെടുത്തവർ പറഞ്ഞു.

