കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കണ്‍വീനര്‍ പി വി ജെയിന് (48) മരിച്ച നിലയില്‍.
ഇന്നലെ രാത്രിയോടെയാണ് എറണാകുളം നോര്‍ത്തിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസില്‍ ജെയിനിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവന്ഭീഷണി ഉണ്ടായിരുന്നതായി ജെയിൻ പരാതി നൽകിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കോൺഗ്രസിലെ നേതൃനിരയിൽ ഉൾപ്പെടുന്നവർ വരെ ആത്മഹത്യയിലേക്ക് പോകുന്ന സംഭവങ്ങൾ നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 24നാണ് നേതാക്കളുടെ പേരുകളടക്കം എഴുതിവെച്ച് വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയനും ഇളയമകൻ ജിജേഷും ജീവനൊടുക്കിയത്.
മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടവും ആത്മഹത്യ ചെയ്തിരുന്നു.
