രാത്രികാലങ്ങളിൽ പാലത്തിൽ പൊലീസിൻ്റെ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ
അത്തോളി : ബുധനാഴ്ച കുനിയിൽ കടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിൽ ചാടിയതെന്ന് കരുതുന്ന
യുവാവിൻ്റെ മൃതദേഹം വള്ളിൽ കടവ് ചാലാൻ കല്ലിന് സമീപത്തു നിന്ന് കണ്ടെത്തി.
ആലിൻ ചുവട് കുറുവാളൂർ
താമസിക്കുന്ന വൈഷ്ണവിൻ്റേതാണ് മൃതദേഹം. യുവാവിനു വേണ്ടി ഇന്നലെ രാവിലെ മുതൽ ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തിവരികയായിരുന്നു.
വൈഷ്ണവിനെ കാണാനില്ലെന്ന് ബന്ധുക്കൾ അത്തോളി പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിൻ്റെ സ്കൂട്ടറും ചെരുപ്പും പാലത്തിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. നാട്ടുകാർ ഫയർ ഫോഴ്സിൽ അറിയിക്കുകയായിരുന്നു.
രാത്രിയിൽ പുഴയിൽ ചാടിയതാകാമെന്ന് നാട്ടുകാർ പറയുന്നു. കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നുമുള്ള ഫയർ ഫോഴ്സ് ടീമുകളാണ് തിരച്ചിൽ നടത്തിയത്.
കുനിയിൽ കടവ് പാലം സ്ഥിരം ആത്മഹത്യാ കേന്ദ്രമായി മാറുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങൾ മുമ്പ് അണ്ടിക്കോട് സ്വദേശിയായ അദ്ധ്യാപിക പാലത്തിൽ നിന്ന് ചാടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. പാലത്തിന് അടിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ തോണിയിൽ വീണതിനാൽ രക്ഷപ്പെടുകയായിരുന്നു. മുൻപും പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
