കണ്ണിപ്പൊയിൽ: പി.കെ കൃഷ്ണൻ മാസ്റ്റർ ലൈബ്രറി ആൻ്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി. മാധ്യമപ്രവർത്തകൻ
കെ.ടി.ശേഖർ ഉദ്ഘാടനം ചെയ്തു. വായനശാലകൾ നാടിൻ്റെ സർവകലാശാലകളാണെന്ന് അദ്ദേഹം പറഞ്ഞു. അറിവിൻ്റെ വികാസവും
വ്യക്തിത്വ രൂപീകരണവും വായനയിലൂടെ സാധ്യമാവുന്നു. സൈബറിടങ്ങളിൽ വിരലൂന്നി വളരുന്ന പുതിയ തലമുറയെ പുസ്തക വായനയിലേക്കടുപ്പിക്കാൻ വായനശാലകളുടെ സാംസ്കാരിക ഇടപെടലുകൾ ഉണ്ടാവണം.
സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വസനീയമാം വിധം വ്യാജ നിർമ്മിതികൾ നിറയുന്ന കാലത്ത് ജാഗ്രതയോടെയുള്ള വായന അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.ടി.മനോജ് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ ദിനേശൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ പികെ രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം എ.എം വേലായുധൻ, ശ്രീധരൻ പാലക്കൽ, ശ്രീന, ശ്യാംജി, സുരേഷ് അക്ഷരി , സതീഷ് കെ, എന്നിവർ ആശംസകളർപ്പിച്ചു. എം.പി.മുരളി ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു
