അത്തോളി : അന്നശ്ശേരിയിൽ വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരി സമീപത്തെ തോട്ടിൽ വീണ് മരിച്ചു. പുനത്തിൽ താഴത്തിന് സമീപം കുളങ്ങര താഴം നിഖിൽ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകൾ നക്ഷത്ര ആണ് മരിച്ചത്. ഇന്നലെ രാവിലെപത്തരയോടെയാണ് സംഭവം.
വീട്ടുപറമ്പിനോട് ചേർന്ന് പരപ്പാറ മുതൽ അന്നശേരി പാലം വരെ വെള്ളം ഒഴുകുന്നതിന് നിർമ്മിച്ച ചെറിയ കനാലിലേക്കാണ് കുട്ടി വീണത്. ഒഴുക്കിൽപെട്ട് കനാലിന് സ്ലാബിട്ട ഭാഗത്ത് കുട്ടി കുടുങ്ങി പോവുകയായിരുന്നു എന്നാണ് കരുതുന്നത്.
കുട്ടിയെകാണാതായതോടെ നാട്ടുകാരും നരിക്കുനി അഗ്നിരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചു. സ്ളാബിട്ട ഭാഗത്തിനിടയിൽ മാലിന്യങ്ങൾ കൂടി കിടന്നത് അഗ്നിരക്ഷാസേ സേന നീക്കിയപ്പോഴാണ് വീട്ടിൽ നിന്ന് 200 മീറ്റർ അകലെ ഓടയിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
