വാസുദേവൻ കുപ്പാട്ട്
അത്തോളി: പഞ്ചഗുസ്തിയില്‍ മിന്നും താരമായ കൂമുള്ളി കുറ്റിക്കണ്ടിയില്‍ ഷാജി ജോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കപ്പുയര്‍ത്തുന്നത് സ്വപ്നം കാണുകയാണ്. അസര്‍ബൈജാനില്‍ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഷാജി ജോണ്‍ മാറ്റുരക്കും. കൊടശ്ശേരിയിലെ പെട്രോള്‍ പമ്പിലാണ് ഷാജി ജോണ്‍ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി കൈക്കരുത്തിന്റെ ബലത്തില്‍ പഞ്ചഗുസ്തി ഗോദയിലുണ്ട്. നാല് വര്‍ഷമായി ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു ജയിക്കുന്നുണ്ട്. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് പഠിച്ചത്. ഡിഗ്രി പഠനത്തിന് ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. പഠനകാലത്ത് തന്നെ പഞ്ചഗുസ്തിയില്‍ താല്പര്യമുണ്ടായിരുന്നതായി ഷാജി ജോണ്‍ പറഞ്ഞു. കൂട്ടുകാരൊത്തുള്ള പഞ്ചുപിടിത്തം പിന്നീട് മത്സരത്തിനുള്ള പ്രചോദനമായി.

മാങ്കാവ് ജിംനേഷ്യത്തിലായിരുന്നു തുടക്കത്തില്‍ പരിശീലനം. മത്സരങ്ങളില്‍ ആദ്യമൊക്കെ പരാജയമായിരുന്നു. പിന്നീട് തെളിഞ്ഞു. മൂന്നുവര്‍ഷം മുമ്പ് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ മത്സരത്തില്‍ വിജയിച്ചു. പിന്നീട് എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായി. 2023ല്‍ ഗോവയില്‍ നടന്ന ദേശീയ മത്സരത്തില്‍ ട്രോഫി നേടി. കഴിഞ്ഞവര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിജയി ആയതിനെതുടര്‍ന്ന് നാഗ്പൂരിലും റായ്പൂരിലും നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കാന്‍ അവസരം കിട്ടി. അവിടെ 70 കിലോഗ്രാം ഗ്രാന്റ് മാസ്റ്റര്‍ ഇനത്തില്‍ ഒന്നാമതായി. 65 കിലോയാണ് ഷാജിയുടെ ശരീരഭാരം. എങ്കിലും 70 കിലോ ഇനത്തിലാണ് മത്സരിക്കുന്നത്. ചീക്കിലോട് ജിംനേഷ്യത്തിലാണ് ഇപ്പോൾ പരിശീലിക്കുന്നത്.
ഒക്ടോബറില്‍ അസര്‍ബൈജാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒരുകൈ നോക്കാനാണ് 53കാരനായ ഷാജി ജോണിന്റെ ശ്രമം.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരം കഠിനമാണെന്ന് ഷാജി ജോണ്‍ പറയുന്നു. ഘടാഗഡിയന്മാരോടാണ് മത്സരിക്കേണ്ടിവരിക. ക്വാര്‍ട്ടറിലും സെമിയിലുമെല്ലാമായി 10 മുതല്‍ 12 വരെ ആളുകളുമായി പിടിത്തം വേണ്ടിവരും.
സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് മത്സരത്തിന് പോകുന്നതെന്ന് ഷാജി ജോണ്‍ പറഞ്ഞു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായമൊന്നും കിട്ടിതുടങ്ങിയിട്ടില്ല. സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ വിജയിയെന്ന നിലയില്‍ പ്രൈസ്മണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൈയില്‍ കിട്ടിയിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളൊക്കെ അയച്ചു കാത്തിരിക്കുകയാണ്. പരേതരായ ജോസഫ് ജോണിന്റെയും ലില്ലിജോണിന്റെയും മകനാണ് ഷാജി ജോണ്‍. സഹോദരന് സാന്റ് ജോണ്‍
