അത്തോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയായ തെങ്ങിന് വളം വിതരണം പദ്ധതിയുടെ പെർമിറ്റ് വിതരണം ഇന്ന് ( ജൂൺ 17 ) ആരംഭിക്കുന്നു. 17 മുതൽ 30 വരെ തിയ്യതിക്കകം കർഷകർ വാർഡ് തലത്തിൽ നിശ്ചയിക്കപ്പെട്ട സ്ഥലത്തെത്തി പെർമിറ്റ് വാങ്ങണം . ഈ തിയ്യതികളിൽ കൃഷിഭവനിൽ നേരിട്ട് എത്തിയും പെർമിറ്റ് വാങ്ങാവുന്നതാണ്.
2025-26 സാമ്പത്തിക വർഷത്തെ നികുതി ശീട്ട്, അപേക്ഷ ( വിതരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കു ന്നതാണ്), ആധാർ കാർഡിൻ്റെ കോപ്പി, ബാങ്ക് പാസ് ബുക്കിൻ്റെ കോപ്പി എന്നിവ ഹാജരാക്കണം.

ജൈവ വളഞ്ഞിനു പരമാവധി ആകെ തുകയുടെ 75 ശതമാനവും രാസ വളത്തിനു പരമാവധി ആകെ തുകയുടെ 50 ശതമാനവുമാണ് സബ്സിഡി. ഗുണഭോക്താക്കളുടെ എണ്ണം കൂടുതലാണെങ്കിൽ ലഭ്യമായ ഫണ്ടിന് അനുസരിച്ചു സബ്സിഡി ലിമിറ്റ് ചെയ്യുന്നതാണ്.
വളം വാങ്ങിയ ശേഷം താഴെ പറയുന്ന കടകളിൽ ബില്ല് ഏൽപിക്കുകയും ഡ്യൂപ്ലിക്കറ്റ് വാങ്ങി സൂക്ഷിക്കുകയും വേണം.
ഉള്ളിയേരി സർവീസ് സഹരണ ബാങ്ക് കൂമുള്ളി ഡിപ്പോ, കർഷക ഫർട്ടിലൈസേഴ്സ് അത്താളി , കാർഷിക കർമ്മസേന അത്തോളി.
മറ്റു അംഗീകൃത വള കടകളിൽ നിന്ന് ബില്ല് വാങ്ങുന്ന കർഷകർ കൃഷി ഭവനിൽ ബില്ല് നേരിട്ട് എത്തിക്കേണ്ടതാണെന്ന് കൃഷി ഓഫിസർ അറിയിച്ചു.
അതേസമയം, നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പെർമിറ്റ് വിതരണം നടക്കുന്നതെന്ന് പരാതിയുണ്ട്. ഗ്രാമ സഭകൾക്കാണ് ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കാനുള്ള അധികാരം. ഇതിന് അപേക്ഷകൾ മുൻകൂട്ടി സ്വീകരിച്ച് അർഹതയുടേയും മുൻഗണനാ മാനദണ്ഡത്തിൻ്റെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ പരിശോധന നടത്തി കരട് ലിസ്റ്റ് തെയ്യാറാക്കണം. അപേക്ഷകൾ പരിശോധിച്ച് മാർക്കിട്ട ശേഷം ഗ്രാമ സഭകളിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങണം. അർഹതാ മുൻഗണ മാനദണ്ഡങ്ങൾ അറിയിപ്പിൽ നൽകിയിട്ടില്ല.
ഇന്ന് ആരംഭിക്കുന്ന പെർമിറ്റ് വിതരണ അറിയിപ്പ് ഇന്നലെയാണ് ജനങ്ങളിൽ എത്തിക്കുന്നത്. 2025- 26 വർഷത്തെ നികുതി ശീട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാകേണ്ടതുമുണ്ട്. പുതിയ നികുതി ശീട്ട് കയ്യിലില്ലാത്ത കർഷകർക്ക് ഇത് പ്രയാസം സൃഷ്ടിക്കും.
