അത്തോളി : മലയാളത്തിൻ്റെ അഭിമാനമായ ഗാനരചയിതാവിൻ്റെ സ്മാരക മന്ദിരത്തോട് തദ്ദേശ സ്ഥാപനത്തിൻ്റെ അവഗണനയെന്ന് ആക്ഷേപം. പ്രശസ്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ജന്മനാട്ടിൽ പ്രവർത്തിക്കുന്ന മന്ദിരം ചോർന്നൊലിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരി സ്മാരകമായ
കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറി കെട്ടിടത്തിൻ്റെ മുകൾനിലയിലെ ഷീറ്റ് തകർന്ന് ഹാളിൽ വെള്ളം തളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹാളിൽ നടന്ന മീറ്റിങുകൾ ചോർച്ചയെ തുടർന്ന് മറ്റ് ഭാഗത്തേക്ക് മാറ്റേണ്ടി വന്നു. ചോർച്ചമൂലം ഹാളിൻ്റെ സീലിങും മരത്തിൽ പണിത സ്റ്റേജും ഇവിടുത്തെ ശബ്ദസംവിധാനങ്ങളും കേടു വരുമെന്നതിനാൽ അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പഞ്ചായത്തിലെ പൊതുപരിപാടികൾ നടത്തുന്നതിനുള്ള ഏക ഓഡിറ്റോറിയമെന്ന നിലക്കും പ്രസിദ്ധ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ സ്മാരകം എന്ന നിലക്കും കെട്ടിടം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിപാലിക്കേണ്ടതുണ്ടെന്ന് പരാതിക്കാർ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷികത്തിൻ്റെ ഭാഗമായാണ് പഴയ കെട്ടിടം പുതുക്കി നിലവിലെ രീതിയിൽ വായനശാല പണിതത്. 1997ൽ ആരംഭിച്ച നിർമ്മാണം പൂർത്തികരിച്ചത് 2000 ലാണ്. എ. സി ഷൺമുഖദാസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. തുടർന്ന് എ.കെ ശശീന്ദ്രൻ എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് കെട്ടിട വിപുലീകരണം നടത്തി. വായനശലയും ഹാളും ഷോപ്പുകളും ചേർന്നതാണ് ഇരുനില കെട്ടിടം. താഴെ നിലയിലെ ഷോപ്പ് മുറി മാവേലി സ്റ്റോറിനായി പഞ്ചായത്ത് സൗജന്യമായി നൽകുകയുണ്ടായി. താഴെ നിലയിലുള്ള ടോയ്ലറ്റ് ഉപയോഗത്തിനായി തുറന്നിട്ടില്ല. വായനശാലയിലെത്തുന്നവർക്കും വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കും ഉപകരിക്കും വിധം ടോയ്ലറ്റ് തുറന്നു കൊടുക്കണമെന്ന ആവശ്യവുമുണ്ട് .
