ലോകപ്രശസ്ത ഇന്ത്യൻ തബല വിദ്വാൻ ഉസ്താദ് സക്കീർ ഹുസൈൻ (73) അമേരിക്കയിൽ നിര്യാതനായി. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയിൽ അദ്ദേഹം മരണപ്പെട്ടതായി വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ചെയാണ് ബന്ധുക്കൾ സ്ഥിരീകരിച്ചത്.
ഇന്ത്യൻ സംഗീതവേദികളിൽ അകമ്പടിയിൽ ഒതുങ്ങിനിന്നിരുന്ന തബലയെ സ്വതന്ത്രമാക്കി ലോക സംഗീത വേദിയിൽ സ്വന്തമായി സ്ഥാനമുണ്ടാക്കിയത് സക്കീർ ഹുസൈൻ്റെ മാന്ത്രിക വിരലുകളാണ്.
1951 മാർച്ച് 9 ന് തബല മാന്ത്രികൻ അല്ലാ രാഖയുടെ മകനായി മുംബെയിലാണ് ജനനം. ചെറു പ്രായത്തിൽ തന്നെ സംഗീത വേദികളിൽ ഇടം നേടിയ അദ്ദേഹം ഇന്ത്യൻ സംഗീത പ്രതിഭകളായ പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് വിലായത് ഖാൻ എന്നിവരോടൊപ്പം നിരവധി സംഗീത പരിപാടികളിൽ ആസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. പദ്മശ്രീ, പദ്മ ഭൂഷൺ എന്നീ പുരസ്കാരങ്ങൾക്ക് പുറമെ സംഗീതലോകത്തിൻ്റെ അംഗീകാരമായി ഗ്രാമി അവാർഡും ലഭിച്ചിട്ടുണ്ട്
