അത്തോളി : രണ്ടു വർഷത്തോളം മൊബൈൽ ഫോണിൻ്റെ സ്ക്രീനിലൂടെ സൗഹൃദം പങ്കുവെച്ചവർ നേരിൽ കണ്ടപ്പോൾ വാക്കുകളിൽ അത്ഭുതവും ആഹ്ലാദവും നിറഞ്ഞൊഴുകി.
40+ എന്ന വാട്സ്ആപ് സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളാണ് കൂമുള്ളിയിലെ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ ഒത്തുചേർന്നത്. സ്ക്രീനിൽ തെളിഞ്ഞ അക്ഷരങ്ങളിലൂടെ മാത്രം പരിചയിച്ചവർ നേരിൽ കണ്ടപ്പോൾ പിറന്നത് സൗഹൃദത്തിന്റെ പുതിയ അധ്യായം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങൾ ഒത്തുചേർന്ന സംഗമം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു.

കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ നിന്നായി മുപ്പതുതോളം പേരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. ഗ്രൂപ്പ് ചാറ്റുകളിലെ ഡി. പി കളും പേരുകളും മാത്രം കണ്ടിരുന്നവർ, ആദ്യമായി നേരിൽ കണ്ടപ്പോൾ ചിരിയും സെൽഫികളും കൊണ്ട് അന്തരീക്ഷം സജീവമായി.
“ഗുഡ് മോർണിംഗ് മെസേജുകൾ അയച്ചിരുന്നവരെ നേരിൽ കാണുമ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല” – കണ്ണൂർ പഴയ ങ്ങാടിയിൽനിന്നെത്തിയ ലീന പറഞ്ഞു. ഉള്ളിയേരിയിൽ നിന്നുള്ള സുലൈഖ പി. ടിക്ക് വയനാട്ടുകാരി മിനിയെ ആദ്യമായികണ്ട് കെട്ടിപ്പിടിച്ചപ്പോൾ വർഷങ്ങളുടെ പരിചയം പോലെ തോന്നി. പൊയിൽക്കാവിൽനിന്നു വന്ന കവിത പയ്യുന്നൂർക്കാരി ഗീത കണ്ണൂർ അഴിക്കോട് നിന്നെത്തിയ അനിൽ കെ. പി, കോഴിക്കോട്ടുകാരൻ പ്രകാശൻ (പ്രിൻസ് ), ജലീൽ വേങ്ങര എന്നിവർ അംഗങ്ങളെ പരിചയപ്പെടുത്തി
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പരിചയപ്പെടലും ഗ്രൂപ്പ് ചർച്ചകളും കലാപരിപാടികളും അരങ്ങേറി. അംഗങ്ങൾ കൊണ്ടുവന്ന നാടൻ വിഭവങ്ങൾ പങ്കുവെച്ചതോടെ ഭക്ഷണമേശയും ഒരുമയുടെ വേദിയായി.

