അത്തോളി : സ്വന്തം പേര് പോലെ അത്തോളിയേയും അത്തോളിക്കാരേയും സുദർശനമാക്കിയ ഒരാൾ ക്യാമറ സ്വിച്ച് ഓഫ് ചെയ്ത് മടങ്ങുന്നു.
ഹൈസ്കൂളിന് മുന്നിലെ കെട്ടിടത്തിന് മുകളിലേക്കുള്ള ഇടങ്ങിയ പടികൾ കയറി ചെല്ലാത്തവർ വിരളമായിരിക്കും. സ്വന്തം മുഖത്തിൻ്റെ സുന്ദരമായ പ്രതിഛായ അത്തോളിക്കാർ ആദ്യമായി കാണുന്നത് ഇവിടെ വച്ചാണ്. പഴയ തലമുറയെന്നോ പുതിയ തലമുറയെന്നോ ഭേദമില്ലാതെ, സിത്താരയിലെ ക്യാമറക്കണ്ണുകൾക്ക് മുഖം കാണിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സ്വന്തം രൂപഭംഗി പോലെ, അത്തോളിയെ നിത്യ യൗവ്വനത്തോടെ ക്യാമറക്കണ്ണിലൂടെ കാണാനായിരുന്നു സുദർശൻ ആഗ്രഹിച്ചത്.
സർട്ടിഫിക്കറ്റുകൾക്കും ജോലികളിൽ പ്രവേശിക്കാനും വിദേശത്ത് പോകാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഫോട്ടോ എടുക്കാൻ അത്തോളിക്കാർ ആദ്യം കയറിച്ചെല്ലുന്നത് സിത്താരയിലേക്കാണ്.

അത്തോളിയിൽ ജനിച്ചുവളർന്ന ഒരോ മനുഷ്യരുടേയും കുട്ടിക്കാലമോ, യൗവ്വനമോ , മദ്ധ്യാഹ്നമോ വർണ്ണ ചിത്രങ്ങളായോ , കറുപ്പും വെളുപ്പും കലർന്ന പാസ്പോർട്ട് ചിത്രങ്ങളായോ സിത്താരയുടെ ഇരുട്ട് മുറിയിൽ നിന്ന് വെളിച്ചം കണ്ടു. അത്തോളിക്കാരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് ഈ മുറിയിൽ വെച്ചാണ്.
സുദർശന് മുഖ പരിചയമില്ലാത്ത അത്തോളിക്കാർ വിരളമാണ്. ലെൻസിലൂടെ ഹൃദയത്തിലേക്ക് പകർത്തിയ മുഖങ്ങളെ അദ്ദേഹം ചുമരിലും മേശയ്ക്ക് മുകളിലുമായി ചില്ലിട്ട് സൂക്ഷിച്ചു. ഓർമ്മകൾ ബാക്കിയാക്കി അവരിൽ പലരും അത്തോളിയുടെ തിരശ്ശീലയിൽ നിന്ന് നിറംമാഞ്ഞുപോയി.

കടൽ കടന്നുപോയവർ വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തുമ്പോൾ വീണ്ടും സിത്താരയിലേക്ക് പടികൾ കയറുന്നത് പതിവായിരുന്നു. ഓർമ്മകളുടെ ആൽബം മറിച്ചു നോക്കി അവർ അത്തോളിയുടെ പഴയ മുഖവും പുതിയ മുഖങ്ങളും കണ്ട് തിരിച്ചു പോയി. ജീവിച്ചിരുന്നു എന്നതിന് ചിത്രങ്ങൾ സാക്ഷിയാണ്.
അത്തോളിയുടെ രൂപപരിണാമത്തിൻ്റെ കാഴ്ചക്കാരനാണ് സുദർശൻ്റെ ക്യാമറ. നാടിൻ്റേയും നാട്ടുകാരുടേയും വളർച്ചയും തളർച്ചയും അദ്ദേഹം ക്യാമറ ലെൻസിലൂടെ കണ്ടു. തന്റെ സൗമ്യമായ ചിരിയിലൂടെ അത്തോളിയെ ഫ്ളാഷ് ലൈറ്റുകൾക്ക് മുന്നിലിരുത്തി അദ്ദേഹം എന്നും പുഞ്ചിരിപ്പിച്ചുകൊണ്ടിരുന്നു. ഫോട്ടോ എടുക്കാൻ വരുന്നവരുടെ ഉള്ളിലെ ആഗ്രഹം പോലെ അവരുടെ മുഖം പകർത്തിയെടുക്കാൻ സിത്താരക്കുള്ള കഴിവ് അതുല്യമായിരുന്നു. കേവലം യാന്ത്രികതയ്ക്കുപരിയായി കലാ സപര്യയായി അദ്ദേഹം ഫോട്ടോഗ്രാഫിയെ പ്രണയിക്കുകയായിരുന്നു.
അത്തോളിയുടെ കലാ സാംസ്കാരിക മേഖലയുടെ നിത്യയൗവനത്തുടിപ്പായിരുന്ന സുദർശൻ മികച്ച ചിത്രകാരനും ഗായകനുമായിരുന്നു.
ഹാർമോണിയവും, തബലയും മാത്രം പാട്ടുകൾക്ക് മനോഹാരിത നൽകിയ കാലം മുതൽ പാടിത്തുടങ്ങിയ അദ്ദേഹം പുതിയ പാട്ടുകാർക്കൊപ്പവും പാട്ട് തുടർന്നു.
സിത്താരയുടെ വാതിലടയുമ്പോൾ അത്തോളിക്ക് അകത്തും പുറത്തുമുള്ള വിശാലമായ സ്നേഹ സൗഹൃദത്തിന്റെ ഓർമ്മകൾ കൂടി ഇരുളടയുകയാണ്.
അവലംബം: ശ്രീജിത് ശ്രീവിഹാർ, സുധീർ എം. കെ, ഗിരീഷ് ത്രിവേണി , എം കെ . ആരിഫ് എന്നിവരുടെ ഫേസ്ബുക് കുറിപ്പുകൾ

