തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്രസമര പോരാളിയുമായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ( 102) അന്തരിച്ചു. ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് 3.20 ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി. എസിൻ്റെ
ജനനം. പിതാവ് ശങ്കരൻ. മാതാവ് അക്കമ്മ.
2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്നു. മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. രണ്ടു തവണ പ്രതിപക്ഷ നേതാവുമായി.
പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായിരുന്നു വി.എസ് . 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചു. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടു.
ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്സ്), മക്കൾ: ഡോ. വി.വി. ആശ, ഡോ. വി.എ. അരുൺകുമാർ
