അത്തോളി : കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാറിൻ്റെ നയങ്ങൾ നടപ്പാക്കുകയാണ് കേരളത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത്തോളിയിൽ സി.പി എം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോമിനിയായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണ്ണർ കാര്യങ്ങൾ തീരുമാനിക്കുകയാണ്. ഗവർണ്ണറുടെ നോമിനിമാരാണ് സർവ്വകലാശാലകൾ ഭരിക്കുന്നത്. സിലബസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കുന്ന സമിതികളിൽ ബി ജെ പി പ്രതിനിധികളെ തിരുകിക്കയറ്റുന്നു.

മതനിരപേക്ഷമായ ഒരു സമൂഹത്തിന് ഉൾക്കൊളളാനാവാത്ത വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിക്കുന്നു. ഇതിനെതിരെ സമരം ചെയ്യുന്ന എസ് എഫ് ഐ വിദ്യാർത്ഥികളെ മർദ്ദിക്കുന്നു.
പ്രളയം കൈകാര്യം ചെയ്ത രീതി ഏറ്റവും പരാജയമായിരുന്നുവെന്ന് കേരളം അനുഭവിച്ച് അറിഞ്ഞു. ആരോഗ്യ മേഖലയിൽ സ്വകാര്യ ആശുപത്രികൾക്ക് കച്ചവടമുണ്ടാക്കുന്ന സമീപനമാണ് സക്കാർ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശന് കഴിഞ്ഞ 10 വർഷമായി പി ആർ പണി നടത്തിയ ആളാണ് വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായത്. ഇയാളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ശുദ്ധ നുണയാണ് പറയുന്നത്. മുഖ്യമന്ത്രി കളവ് പറയാൻ പാടില്ല. ഉത്തരവാദിത്തോടെ സംസാരിക്കണമെന്നും ബാലഗോപാൽ പറഞ്ഞു.
സി പി എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഏരിയാ സെക്രട്ടറി ടി കെ സുമേഷ്, ലോക്കൽ സെക്രട്ടറി പി. എം ഷാജി, എം രാധാകൃഷ്ണൻ, എം ജയകൃഷ്ണൻ, ശോഭ ടീച്ചർ, സഫ്ദർ ഹഷ്മി എന്നിവർ സംസാരിച്ചു.

