കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 2026 ജനുവരിയിൽ അഭിമുഖം പൂർത്തിയാക്കി ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെ.എ.എസ്. തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകൾക്ക് തീരുമാനിച്ചിട്ടുള്ളത്.
പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും, ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരമെഴുതാം.
തൊഴിൽ മേള മാർച്ച് ഒന്നിന്
എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെൻറർ ഫോർ അഡ്വാൻസ്ഡ് മാനേജ്മെൻറ് സ്റ്റഡീസിൽ മാർച്ച് ഒന്നിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെയർ ഹൗസ് അസ്സോസിയേറ്റ്, പ്രൊഡക്ഷൻ ട്രെയിനീ,
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, റിലേഷൻഷിപ് എക്സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകളുള്ളത്. ഫ്ലിപ്കാർട്, ആമസോൺ, കിൻ, റെയിൽവേ, സ്നൈഡർ ഇലക്ട്രിക്കൽസ്, ബിമൽ മാരുതി, ബ്ലോഗ് ഇൻ ഇ കോമേഴ്സ്, ബജാജ് ഫിനാന്‍സ്, കൊജെന്റ് തുടങ്ങിയ 25 -ൽ പരം സ്ഥാപനങ്ങൾ പങ്കെടുക്കും.

മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സർക്കാരിന്റെ www.knowledgemission.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തത്സമയ രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക് ബന്ധപെടുക 8590189259.
സിഎസ്എസ്ഡി/സിഎസ്ആര്‍ ടെക്നീഷ്യന് കൂടിക്കാഴ്ച
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി/സിഎസ്ആര്‍ (CSSD/CSR) ടെക്നീഷ്യന് താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിഎസ്ആര്‍ ടെക്നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ (ഡിസിഎസ്എസ്ടി (DCSST) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0495-2355900
