അത്തോളി : നിർമ്മാണം നടന്നുകൊണ്ടിരിക്കെ
തോരായിക്കടവ് പാലത്തിൻ്റെ ബീം വീഴാനുണ്ടായ സാഹചര്യം പരിശോധിച്ച് ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കിഫ്ബി ഫണ്ടിലാണ് പാലം പണിയുന്നത്. കെ. ആർ. എഫ്.ബിയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കും. പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കരാറുകാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും മേൽനോട്ടത്തിലെ ശ്രദ്ധക്കുറവും പരിശോധിക്കും. ഉത്തരവാദപ്പെട്ടവർക്കെതിരെ ഒരു തരത്തിലും സന്ധിയില്ലാതെ ശക്തമായ നിലപാട് സ്വീകരിക്കും. ആലപ്പുഴ ജില്ലയിൽ നിർമ്മാണത്തിലിരിക്കെ പാലം തകർന്ന സംഭവത്തിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തിയതും മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തതും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് നിർമ്മാണം നടന്നുകൊണിരിക്കെ ബീം ചെരിഞ്ഞ് പുഴയിൽ പതിച്ചത്. പുഴയുടെമധ്യത്തിലാണ്സംഭവം. കൊയിലാണ്ടി- ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
