തലക്കുളത്തൂർ : ഇന്ത്യയില്‍ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറിയത് അഭിമാനകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദാരിദ്ര്യ മുക്തമാക്കുകയെന്ന ലക്ഷ്യമാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാതക ശ്മശാനം ‘ശാന്തിസ്ഥല’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി മുതല്‍ ഓരോ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നടത്തിയ കഠിനശ്രമത്തിലൂടെയാണ് സര്‍ക്കാര്‍ അതിദാരിദ്ര്യമുക്ത ലക്ഷ്യം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷയുടെ ഭാഗമായി വീട്ടമ്മമാര്‍ക്ക് പെന്ഷന് അനുവദിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. ക്ഷേമപെന്ഷന് 1600-ല്‍ നിന്നും 2000 രൂപയാക്കി. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനങ്ങള്‍ അനിവാര്യമാണ്. അതില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് മികച്ച മാതൃക സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. ശാന്തിസ്ഥല ഓഫീസ് ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിച്ചു.

തലക്കുളത്തൂരില്‍ മുക്കം കടവിന് സമീപം ചെങ്ങോട്ട് മലയില്‍ ശാന്തിസ്ഥല എന്ന് പേരിട്ട ആധുനിക സൗകര്യങ്ങളോടെയുള്ള വാതക ശ്മശാനം രണ്ടുകോടിയിലധികം രൂപ ചെലവിട്ടാണ് യാഥാര്‍ഥ്യമാക്കിയത്. ചുമര് ചിത്രങ്ങള്‍, പൂന്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് 28.5 ലക്ഷവും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷവും ജില്ലാ പഞ്ചായത്ത് 50 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയും നല്കി. കോഴിക്കോട് നഗരസഭ നഗരസഞ്ചയന ഫണ്ടില്‍നിന്ന് പഞ്ചായത്തിന് ശ്മശാന നിര്‍മാണത്തിന് 80 ലക്ഷം രൂപയും നല്‍കിയാണ്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഐ പി ഗീത, ടി എം രാമചന്ദ്രന്, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അനില്‍ കോരാമ്പ്ര, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ ടി രാഗേഷ്, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ രാജേഷ് ശങ്കര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
