അത്തോളി ഗ്രാമ പഞ്ചായത്ത് മെംബറും സി.പി. എം അത്തോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എൻ.എം. രാജൻ്റെ അഞ്ചാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കുന്നു. ഡിസംബർ 15 ന് (ഞായർ) വൈകീട്ട് 5 മണിക്ക് അത്തോളിക്കാവിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്,
കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ, സി.പി.എം. നേതാവ് എം. രാധാകൃഷ്ണൻ, പ്രമുഖ പ്രഭാഷകൻ അനൂപ് കക്കോടി തുടങ്ങിയവർ സംസാരിക്കും. അത്തോളിയിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന എൻ. എം രാജൻ്റെ അഞ്ചാം ചരമ വാർഷിക ദിനമാണ് ഡിസംബർ 15.

അനുസ്മരണ പരിപാടിയുടെ ഭാഗമായി ഉന്നത വിജയികളേയും കലാ കായിക പ്രതിഭകളേയും ആദരിക്കും. തുടർന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മൊടക്കല്ലൂർ യൂണിറ്റ് ഒരുക്കിയ സംഗീതശില്പം അവതരിപ്പിക്കും. രാത്രി എട്ടുമണിക്ക് സി.വൈ.എം.സി കല്പത്തൂർ അവതരിപ്പിക്കുന്ന ചത്താലും ചെത്തും എന്ന നാടകം അരങ്ങേറും. കൂത്താളി കർഷക സമരത്തിലെ രക്ത സാക്ഷി കെ. ചോയിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നാടകം സംവിധാനം ചെയ്തിട്ടുള്ളത് രാജൻ കല്പത്തൂർ ആണ്.
