അത്തോളി: പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തും നാടകകാരനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണം അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അനുസ്മരണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും കരോക്കെ ഗാനാലാപന മത്സരം ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനത്തെ ആസ്പദമാക്കിയുള്ള ചിത്ര രചനാ മത്സരം എന്നിവ സംഘടിപ്പിക്കും. അത്തോളി പഞ്ചായത്തിലെ ഗ്രന്ഥാലയങ്ങളേയും ക്ലബ്ബുകളേയും കോർത്തിണക്കി പ്രാദേശിക തലത്തിൽ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടികൾ നടത്തും. അദ്ദേഹത്തിൻ്റെ ചരമ ദിനമായ ഫെബ്രുവരി 10 ന് രാവിലെ കൂമുള്ളിയിലെ പഞ്ചായത്ത് ലൈബ്രറിയിൽ പുഷ്പാഞ്ജലിയും ഗിരീഷ് പുത്തഞ്ചേരിയുടെ ഫോട്ടോ അനാച്ഛാദനവും നടക്കും. ഫെബ്രുവരി 11 ന് ഗിരീഷ് പുത്തഞ്ചേരി മ്യൂസിക്കൽ നൈറ്റ്, അനശ്വര ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള നൃത്ത സംഗീത ശില്പം, സാംസ്കാരിക സമ്മേളനം, അവാർഡ് സമർപ്പണം, സമ്മാനദാനം എന്നിവ ഒരുക്കും.
പരിപാടി നടത്തിപ്പിനായി എം. ജയകൃഷ്ണൻ (ചെയർപേഴ്സൺ), ചന്ദ്രൻ പൊയിലിൽ, ജനാർദ്ദനൻ മാസ്റ്റർ( വൈസ് ചെയർപേഴ്സൺമാർ), കെ മുരളീധരൻ ( കൺവീനർ), ബി. സബീഷ്, കെ.ടി. ശേഖർ ( ജോ. കൺവിനർമാർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽ മാസ്റ്റർ, മെംബർ സുഗത കുമാരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, കെ.ടി. ശേഖർ, ചിറ്റൂർ രവീന്ദ്രൻ, ഹരി പനങ്കുറ, ഗണേശൻ മാസ്റ്റർ, എം.റംഷാദ്, അഷ്റഫ് ചീടത്തിൽ, സുനിൽകുമാർ, സാക്കിറ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ എടവലത്ത്, മെംബർമാരായ സബിത പവിത്രം, രാധിക എൻ.എം, കുഞ്ഞായൻ കുട്ടി എന്നിവർ പങ്കെടുത്തു.
