അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ എം.ജയകൃഷ്ണൻ മാസ്റ്റർ. പ്രസിഡണ്ട് പദവിയിലേക്കുള്ള വോട്ടെടുപ്പിൽ എൽ ഡി എഫിനെ പ്രതിനിധീകരിച്ച ജയകൃഷ്ണൻ മാസ്റ്റർക്ക് 13 ഉം യു ഡി. എഫിലെ കെ.എം രാജന് ആറും വോട്ടുകൾ ലഭിച്ചു. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയിൽ ഇടതുമുന്നണിക്ക് 13 ഉം യു ഡി എഫിന് ആറും സീറ്റുകളാണുള്ളത്.
പഞ്ചായത്തിൽ എട്ടാം വാർഡിനെ പ്രതിനിധീകരിക്കുന്ന എം. ജയകൃഷ്ണൻ പൊതു പ്രവർത്തന രംഗത്തെ അത്തോളിയിലെ ജനകീയ മുഖമാണ്. ബാലസംഘത്തിലൂടെയാണ് സാമൂഹിക പ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോഴും ഔദ്യോഗിക മേഖലയിലും സർവ്വീസ് സംഘടനാ പ്രവർത്തനങ്ങളിലും നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് അത്തോളിയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ബോധി പാരലൽ കോളേജിൻ്റെ മുഖ്യസാരഥിയായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിലും ജനകീയാസൂത്രണ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന നടക്കാവ് ഗേൾസ് സ്കൂളിൽ പ്രധാനാദ്ധ്യാപകനായിരുന്നു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, എസ്എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി
ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന ജെ. കെ യെ കറകളഞ്ഞ മതേതരവാദിയായും മികച്ച സംഘാടകനായും നാട്ടുകാർ വിലയിരുത്തുന്നു.
