കൂമുള്ളി : ഉള്ളിയേരി -അത്തോളി ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാലോറ മലയിൽ ഏതുസമയത്തും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത. ചെങ്കൽ ഖനനം നടത്തുന്നതിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടതിനാൽ കനത്ത മഴയത്ത് പാറയും മണ്ണും താഴ്വാരത്തേക്ക് ഒഴുകി വീടുകൾ മണ്ണിനടിയിലാകുമെന്ന ഭീതിയിലാണ് പരിസര വാസികൾ.
മണ്ണ് പരിശോധനാ വിഭാഗം ദുർബലപ്രദേശമാണെന്ന് കണ്ടെത്തിയ സ്ഥലമാണ് പാലോറമല. ഖനനമാഫിയ സ്ഥലത്തു വന്ന കാലത്തു തന്നെ നാട്ടുകാർ തങ്ങളുടെ പരാതി അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുളളതാണ്. ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചു നേടിയെടുത്ത ഉത്തരവുമായാണ് ഖനന മാഫിയ ഇപ്പോൾ ഖനനം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിസരവാസികളായ പാവപ്പെട്ടവരെ കള്ളകേസുകളിൽ കുടുക്കിയതായും പരാതിയുണ്ട്.
പരിസ്ഥിതി നാശം വരുത്തുന്ന ഖനനം സംബന്ധിച്ച കേസ് നാഷണൽ ഗ്രീൻ ട്രിബൂണലിന്റെ പരിഗണനയിലാണ്. ട്രിബൂണൽ വിധി വരുന്നതിന്റെ മുൻപായി പരമാവധി ഖനനം നടത്തുക എന്ന ഉദ്ദേശത്തോടെ രാവും പകലും നിരവധി യന്ത്രങ്ങളും ജെ.സി.ബികളും ലോറികളും മലയിൽ ഇപ്പോഴുണ്ട്. നിരവധി ലോറികൾ കല്ലുമായി രാത്രിയിൽ ഉൾപ്പെടെ പോകുന്നതു കാരണം കാൽനട യാത്രപോലും അസാധ്യമായ അവസ്ഥയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദുരന്തഭീഷണിയുള്ള പാലോറമല പ്രദേശം അത്തോളി -ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരും ഭരണസമിതി അംഗങ്ങളും ഉള്ളിയേരി വില്ലേജ് ഓഫീസറും സന്ദർശിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ, ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. നാസർ, എസ്. അനിൽകുമാർ, ജയചന്ദ്രൻ ( അത്തോളി ഗ്രാമ പഞ്ചായത്ത് മെംബർമാർ), റഹ്മത്ത് എക്കാലയുള്ളതിൽ, പി. ചന്ദ്രൻ, സുഗമ ഹരിദാസ്, ബിന്ദു കൊയിലൊത്ത് ( ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മെംബർമാർ), ഉള്ളിയേരി വില്ലേജ് ഓഫീസർ അബ്ദുൽ സലാം എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

