ചേമഞ്ചേരി: കേരളത്തിലെ പ്രശസ്ത ജനകീയ കലാഭ്യസന കേന്ദ്രമായ പൂക്കാട്കലാലയത്തിൻ്റെ അൻപത്തി രണ്ടാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. കലാലയം പ്രസിഡണ്ട് കെ ടി ശ്രീനിവാസൻ പതാക ഉയർത്തി. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി ദേശഭക്തിഗാനം ആലപിച്ചു. സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായുള്ള സമ്മാനപൂവരങ്ങ് നറുക്കെടുപ്പും നടന്നു.
ആഗസ്ത് 28 ,29 ,30 തീയതികളിൽ വിവിധങ്ങളായ പരിപാടികൾ നടക്കും. 28 ന് കാലത്ത് 10 മണിക്ക് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ എ അഡ്വ കെ. പ്രവീൺകുമാർ അധ്യക്ഷത വഹിക്കും. പ്രശസ്ത കവയിത്രി ആര്യ ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും . അഭിനയ ശിരോമണി രാജരത്നം പിള്ളയുടെ പേരിലുള്ള എൻ്റോവ്മെൻ്റ് ശിവദാസ് ചേമഞ്ചേരി കുമാരി മിത്രവിന്ദ ആർ. എസിന് സമ്മാനിയ്ക്കും.
മൂന്ന് ദിവസങ്ങളിലായി ആട്ടവും, പാട്ടും ചിത്രകലയും വാദ്യവിശേഷങ്ങളും നാടകങ്ങളുമായി അരങ്ങിൽ ആയിരത്തോളം പ്രതിഭകൾ കലാസമർപ്പണം നടത്തും. .അരങ്ങേറ്റങ്ങൾ ,മോഹിനിയാട്ടം ഭരതനാട്യം,സംഘഗാനങ്ങൾ, വാദ്യവൃന്ദം , ചിത്ര പ്രദർശനം , സംഘ നൃത്തങ്ങൾ, കുച്ചുപുടി ,ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെയും നാടകങ്ങൾ എന്നിവ ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള വേദിയിൽ അവതരിപ്പിക്കും .
കലാലയം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ കലാഭ്യസനം നടത്തിയിട്ടുള്ള കുട്ടികളും മുതിർന്നവരും ആയ ആയിരത്തിൽ പരം പഠിതാക്കൾ കലാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ചുരുങ്ങിയ ചെലവിൽ മൂന്നു ദിവസങ്ങളിലായി കാലത്ത് 8 .30 മുതൽ രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ തുടർച്ചയായി കലാസംസ്കാരിക പരിപാടികൾ നാടിന് സമർപ്പിക്കും.
ഓഗസ്ത് 30 ന് നടക്കുന്ന നാടകോത്സവം പ്രശസ്തനാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്യും .തുടർന്ന് സജീവം രാധിക, ടോട്ടോച്ചാൻ, ഘടികാരദിശ , പാട്ടബാക്കി
കാവ്യ കൈരളിഎന്നീ നാടകങ്ങൾ കലാലയം പഠിതാക്കളും പ്രവർത്തകരും ചേർന്ന് അവതരിപ്പിക്കും.
ജനകീയ പങ്കാളിത്തത്തോടെ മലബാറിൽ നടക്കുന്ന വലിയ ആഘോഷ പരിപാടിയാണ് കലാലയത്തിൻ്റെ ആവണി പൂവരങ്ങ് .

