അത്തോളി: ആറു പതിറ്റാണ്ടിലേറെയായി അക്ഷരമുറ്റത്ത് വിജ്ഞാനവെളിച്ചം പകർന്നു നൽകിയ പ്രിയ അധ്യാപകൻ സി. എം. കൃഷ്ണൻ മാസ്റ്റർക്ക് നവതിയുടെ നിറവിൽ നാടിന്റെ ആദരം. ശിഷ്യഗണങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കാപ്പാട് ‘ഹാപ്പി ഹോമി’ൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് വേറിട്ടതായി.
വടകരയിലും അത്തോളിയിലുമായി 60 വർഷത്തിലേറെയായി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയായ ‘കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ’ സ്ഥാപകനും അധ്യാപകനുമാണ് കൃഷ്ണൻ മാസ്റ്റർ. ടൈപ്പ്റൈറ്റിങ്, ഷോർട്ട് ഹാൻഡ് പരിശീലന രംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവെച്ച മാഷിനെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയുമാണ് പ്രിയപ്പെട്ടവർ ആദരിച്ചത്.

എൻ. കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ. സി. വിജയൻ സ്വാഗതം ആശംസിച്ചു. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായ എം. രാധാകൃഷ്ണൻ മാസ്റ്റർ, പാറോൽ ഭാസ്കരൻ (വടകര), സി. ചന്ദ്രൻ മേമുണ്ട, കെ. ബാബു മാസ്റ്റർ, ജോബി മാത്യു, അഷറഫ് ചീടത്തിൽ, അച്യുതൻ പേരാമ്പ്ര, ഡോ. സനദ് രത്നം, പി. ഗോപാലകൃഷ്ണൻ, കെ. വിജയരാഘവൻ, സഫ്ദർ ഹാഷമി, സി. സുരേഷ് ബാബു, പി. എ. അഞ്ജലി തുടങ്ങിയവർ ആശംസകൾ നേർന്നു.
തനിക്ക് ലഭിച്ച ആദരവിന് സി. എം. കൃഷ്ണൻ മാസ്റ്റർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. സി. എം. സജീന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു.

